ഗോവയിൽ നിന്നും വിദേശ മദ്യം കടത്തിയ കേസിൽ യുവാവിന് 3 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായരെ (25) ആണ് എറണാകുളം സെക്കൻഡ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രേഷ്മ ശശിധരൻ ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് 15നാണ് നാലര ലീറ്റർ വിദേശ മദ്യം 6 കുപ്പികളിലായി നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ കേരളത്തിലേക്ക് വിൽപനയ്ക്കായി കടത്തിയത്.
അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.സുജയുടെ നേതൃത്വത്തിലാണ് പ്രോസിക്യൂഷൻ നടപടികൾ നടന്നത്.
എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയായിരുന്ന സബ് ഇൻസ്പെക്ടർ പി.ആർ.രതീഷ് റജിസ്റ്റർ ചെയ്ത കേസിൽ, എറണാകുളം റെയിൽവേ പൊലീസ് സബ് ഇൻസ്പെക്ടർ ഇ.കെ.അനിൽകുമാറും സംഘവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
















