വയനാട് പനമരത്തെ കുന്നമംഗലം റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിൽ വൻ മോഷണശ്രമം. വ്യാഴം, ശനി ദിവസങ്ങളിലെ കളക്ഷൻ തുകയായ ഏകദേശം 35 ലക്ഷം രൂപ ലക്ഷ്യമിട്ടാണ് മോഷ്ടാവ് എത്തിയത്. എന്നാൽ ലോക്കർ തകർക്കാൻ കഴിയാതിരുന്നതിനാൽ വൻ സാമ്പത്തിക നഷ്ടം ഒഴിവായി.
വെള്ളിയാഴ്ച ഗാന്ധി സ്മൃതി ദിനമായതിനാൽ ബാങ്ക് അവധിയായിരുന്നു. ഇതുമൂലം മുൻദിവസങ്ങളിലെ വലിയൊരു തുക ബാങ്കിൽ അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഈ പണം ഔട്ട്‌ലെറ്റിലെ ലോക്കറിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ വിവരം കൃത്യമായി അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച നിലയിലാണെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പനമരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.
.
















