കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം, വെള്ളി ആഭരണങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാം. മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ ഡ്യൂട്ടി അടയ്‌ക്കാതെ കൊണ്ടുവരാനുള്ള അനുമതിയുണ്ട്. മുൻപ് സ്വർണത്തിന്റെ വില കണക്കാക്കിയായിരുന്നു പരിധി നിർണയിച്ചിരുന്നത്. എന്നാൽ ഇനി മുതൽ തൂക്കം നോക്കിയായിരിക്കും.
സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. കരമാർഗമുള്ള യാത്രകൾക്ക് ഈ ചട്ടങ്ങൾ ബാധകമല്ല.
അതേസമയം, വിദേശത്തുനിന്ന് ഇന്ത്യക്കാർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാൻ അനുവദിച്ചു. 2016- ലെ ചട്ടപ്രകാരം ഈ പരിധി 50,000 രൂപ ആയിരുന്നു. വിദേശികൾക്ക് ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന ഡ്യൂട്ടി ഫ്രീ സാധനങ്ങളുടെ പരിധിയും വർധിപ്പിച്ചിട്ടുണ്ട്. ഇത് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയിട്ടുണ്ട്.
















