ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാൻ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സാപ്പിനും മാതൃകമ്പനിയായ മെറ്റയ്ക്കും കോടതി കർശന മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിദേശ കമ്പനികളുടെ നയങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.
വാട്‌സാപ്പിന്റെ 2021-ലെ വിവാദമായ സ്വകാര്യതാ നയവുമായി (Privacy Policy) ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. “ഞങ്ങളുടെ ഭരണഘടന പാലിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ഇന്ത്യ വിടുക. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അവരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല,” എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് കോടതി സ്വീകരിച്ചത്.
ഉപയോക്താക്കളുടെ ഡാറ്റ മെറ്റയുടെ മറ്റ് സേവനങ്ങൾക്കായി പങ്കിടുന്നതിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) നേരത്തെ 213 കോടി രൂപ പിഴ വിധിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് മെറ്റയും വാട്‌സാപ്പും സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി കമ്പനികളെ ശാസിച്ചത്. വിപണിയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഉപയോക്താക്കളെ സമ്മർദ്ദത്തിലാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ‘മാന്യമായ രീതിയിലുള്ള മോഷണമാണ്’ എന്ന് കോടതി അഭിപ്രായപ്പെട്ടു. സാധാരണക്കാരായ വരിക്കാരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും, രാജ്യത്തെ ഡിജിറ്റൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 9-ന് വീണ്ടും പരിഗണിക്കും.
















