കുഞ്ഞിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട് സൈബർ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അമിത ഉപദേശങ്ങൾക്ക് മറുപടിയുമായി യൂട്യൂബർ ദിയ കൃഷ്ണ. ഓരോ വീട്ടിലും കുഞ്ഞുങ്ങളെ വളർത്തുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളിലാണെന്നും, അമ്മയെന്ന നിലയിൽ തന്റെ കുഞ്ഞിന്റെ ഇഷ്ടാനിഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി അറിയാവുന്നത് തനിക്കാണെന്നും ദിയ തന്റെ പുതിയ വീഡിയോയിലൂടെ പറഞ്ഞു.
‘‘കുറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു വ്ലോഗ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഒന്നിനും സമയമില്ലാത്ത അവസ്ഥയാണ്; എന്റെ കുഞ്ഞാവയുടെ പിന്നാലെ തന്നെയാണ് സമയം മുഴുവൻ. പിന്നെ മറ്റൊരു കാര്യം, നമ്മുടെ സ്വകാര്യ ജീവിതവും കുഞ്ഞിന്റെ വിശേഷങ്ങളുമെല്ലാം ഒരു പരിധിയിൽ കൂടുതൽ ‘ഓപ്പൺ’ ആക്കി കാണിക്കേണ്ടതില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. നാം പങ്കുവയ്ക്കുന്ന പോസിറ്റീവ് കാര്യങ്ങളിൽ പോലും ചിലപ്പോൾ നെഗറ്റീവ് അഭിപ്രായങ്ങൾ വരാം. കുഞ്ഞിനെ അങ്ങനെ വളർത്തണം, ഇങ്ങനെ ചെയ്യണം, അത് കൊടുക്കണം, ഇത് കൊടുക്കണം എന്നൊക്കെ പറഞ്ഞ് ഒരുപാട് ഉപദേശങ്ങൾ വരാറുണ്ട്.
എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ട്, എന്നാൽ ഓരോരുത്തരും അവരെ വളർത്തുന്നത് വ്യത്യസ്തമായ രീതികളിലായിരിക്കും. ഞാൻ താമസിക്കുന്ന ഫ്ലാറ്റിലെ തൊട്ടടുത്ത വീട്ടിലെ രീതിയല്ല എന്റെ വീട്ടിൽ. ഓരോരുത്തരുടെയും സാഹചര്യം, നമ്മൾ പഠിച്ച കാര്യങ്ങൾ, നമുക്ക് കംഫർട്ടബിൾ ആയ രീതി എന്നിവയൊക്കെ വ്യത്യസ്തമാണ്. ഇതിനെല്ലാമുപരി, എന്റെ കുഞ്ഞിനെ മറ്റാരെക്കാളും നന്നായി അറിയാവുന്നത് അവന്റെ അമ്മയായ എനിക്കാണ്. അവന് എന്താണ് ഇഷ്ടമെന്നും എന്തിനാണ് അവൻ കരയുന്നതെന്നും എനിക്ക് കൃത്യമായറിയാം. അതുകൊണ്ട് ഒരു പരിധി കഴിഞ്ഞ് മറ്റുള്ളവർ നൽകുന്ന ഉപദേശങ്ങൾ എനിക്ക് അത്ര ഇഷ്ടമല്ല.
എന്റെ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചില സബ്സ്ക്രൈബേഴ്സിന് വിഷമമായി എന്ന് തോന്നി. ഞാൻ ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. പലരും ഫേക്ക് പ്രൊഫൈലുകളിൽ നിന്ന് വന്ന് ‘അഭിപ്രായസ്വാതന്ത്ര്യം’ എന്ന പേരിൽ തർക്കിക്കാറുണ്ട്. ഒരു ഫേക്ക് ഐഡന്റിറ്റിക്ക് പോലും അത്രയും സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, എല്ലാവർക്കും അറിയാവുന്ന ദിയ എന്ന എനിക്ക് എന്റെ വ്യക്തിത്വവും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ അവകാശമില്ലേ? എന്റെ വ്ലോഗിലൂടെ ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പറയുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമന്റുകൾ ചെയ്യുന്നവർ, അത് കേൾക്കുന്നവർക്കും സങ്കടമാകുമെന്ന് ചിന്തിക്കണം.
നമ്മൾ ചെയ്യുന്ന വിഡിയോ ആരെയും ദ്രോഹിക്കുന്നില്ലെങ്കിൽ, അതിൽ വന്ന് നെഗറ്റീവ് കമന്റുകൾ ഇടാതിരിക്കുക. നല്ലതൊന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഞാൻ കുറച്ചു കാലം വ്ലോഗ് എടുക്കാതിരുന്നതിന് പ്രധാന കാരണം ഇതാണ്. നമ്മളൊരു ‘തുറന്ന പുസ്തകം’ പോലെ ജീവിക്കുമ്പോൾ മറ്റുള്ളവർ അവരുടെ വീട്ടിലെ രീതികൾ എന്റെ കുഞ്ഞിന്റെ മേലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ആ ചിന്താഗതി തെറ്റാണ്. എന്റെ കുഞ്ഞ് ഇവിടെ സുഖമായും സന്തോഷമായും ഇരിക്കുന്നു. ഇടയ്ക്ക് ഒന്ന് കരയുമെങ്കിലും മൊത്തത്തിൽ അവൻ നല്ല ഹാപ്പിയാണ്.’’ ദിയ കൃഷ്ണ പറയുന്നു.
















