പ്രണയത്തിൽ ചതിക്കപ്പെട്ടവരും വഞ്ചിക്കപ്പെട്ടവരുമാണോ നിങ്ങൾ ? അതുകൊണ്ട് ഈ വാലന്റൈൻസ് ഡേയിൽ കരഞ്ഞുമെഴുകി ഒരു മൂലക്ക് ഇരിക്കാനാണോ പ്ലാൻ ? എങ്കിൽ സങ്കടപ്പെടാൻ വരട്ടെ, നിങ്ങളുടെ മുൻ കാമുകന്റെയോ കാമുകിയുടെയോ പേര് ഒരു പാറ്റയ്ക്ക് നൽകി അവയെ മറ്റൊരു ജീവിക്ക് കഴിക്കാൻ നൽകിയാലോ ? കേൾക്കുമ്പോ സന്തോഷം തോന്നുണ്ടോ ? അങ്ങനെ ഒരു വെറൈറ്റി പ്രതികാര ഒഫാർ ആരംഭിച്ചിരിക്കുകയാണ് ഒരു മൃഗശാല.
പോളണ്ടിലെ ലോഡ്‌സ് നഗരത്തിലെ ഓറിയന്റേറിയം മൃഗശാലയിൽ 2023 മുതലാണ് ഈ പദ്ധതി തുടങ്ങിയത്. 1290 രൂപ കൊടുത്ത് മഡഗാസ്കർ ഹിസ്സിങ് ഇനം പാറ്റയെ ദത്തെടുക്കുകയും അവയ്ക്ക് മുൻ കാമുകന്റെയോ കാമുകിയുടെയോ പേര് നൽകാവുന്നതാണ്. 3,870 രൂപ കൊടുക്കുകയാണെങ്കിൽ പാറ്റയെ മൃഗങ്ങൾ ഭക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ കൂടി മൃഗശാല നൽകും. ഇതുകൂടാതെ വിഐപി പാക്കേജുമുണ്ട്. ഏകദേശം 7,740 രൂപ നൽകിയാൽ മൃഗശാല അധികൃതരുടെ മേൽനോട്ടത്തിൽ തന്നെ സ്വന്തം കൈ കൊണ്ട് ആ പാറ്റയെ കീരികൾക്ക് തിന്നാൻ കൊടുക്കാം.
ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കഴിഞ്ഞ 15 വർഷമായി ‘നെയിം എ റോച്ച്’ എന്ന പേരിൽ ക്യാംപെയ്ൻ നടന്നുവരുന്നുണ്ട്. ഇതുവരെ 60,000തിലധികം പാറ്റകൾക്ക് പേരിടൽ നടന്നുകഴിഞ്ഞു. ഇതുവഴി 10 ലക്ഷം ഡോളർ (8.3 കോടി രൂപ) മൃഗസംരക്ഷണത്തിനായി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലാണ് മൃഗശാല പ്രവർത്തിക്കുന്നത്.
സാൻ ആന്റോണിയോ മൃഗശാലയിൽ ‘ക്രൈ മീ എ കോക്രോച്ച്’ എന്ന പേരിൽ നടക്കുന്ന ക്യാംപെയ്നിൽ പാറ്റകൾക്ക് പുറമെ എലികൾക്കും പച്ചക്കറികൾക്കും പേരിടാം. പാറ്റയ്ക്ക് 5 ഡോളറും എലിക്ക് 15 ഡോളറുമാണ് നിരക്ക്. ബർമിങ്ഹാം മൃഗശാലയിൽ പാറ്റയ്ക്ക് പേരിടണമെങ്കിൽ 20 ഡോളർ നൽകേണ്ടി വരും.
















