കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്ന തിരുനാവായയിലെ മാഘ മഹോത്സവം ഫെബ്രുവരി 3 വരെയാണ് നടക്കുന്നത്. നിളയുടെ തിരത്ത് നടക്കുന്ന മാഘ മഹോത്സവത്തിൽ വലിയ ജനപങ്കാളിത്തമുണ്ട്. ഇതിനിടെ തിരുനാവായ കുഭമേളയിൽ നിന്നുള്ളതാണെന്ന രീതിയിൽ രണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയൊരു ആൾക്കൂട്ടത്തെ ഈ ചിത്രങ്ങളിൽ കാണാം.
“വിശ്വസിക്കാനാവാത്ത മാറ്റം.! 🚩
ഒരു ഓൺലൈൻ മാധ്യമം പോലും തിരിഞ്ഞുനോക്കാതിരുന്നിടത്തുനിന്ന്, ഇന്ന് ലോകത്തിലെ പ്രമുഖ മാധ്യമങ്ങൾ മത്സരിച്ച് വാർത്ത നൽകുന്ന അവസ്ഥയിലേക്ക് തിരുന്നാവായ കുംഭമേള മാറിയിരിക്കുന്നു.!!💥
നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോൾ അത് ചരിത്രമാകും…
എന്നാൽ, പ്രചരിക്കുന്ന ചിത്രങ്ങൾ തിരുനാവായയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രയാഗ്‌രാജിൽ നടന്ന മഹാകുഭമേളയുടെ ദൃശ്യങ്ങളാണിവ.
വൈറൽ ചിത്രങ്ങളിൽ ആദ്യത്തേത് റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യം ഉൾപ്പെടുന്ന ഒരു വീഡിയോ ഗിരീഷ് ഭരദ്വാജ് എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. മഹാകുംഭമേള, പ്രയാഗ്‌രാജ് തുടങ്ങിയ ഹാഷ്ടാഗുകളോടെ 2025 ജനുവരി 19നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രയാഗ്‌രാജിലെ മഹാകുംഭമേള 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് നടന്നത്. ലഭ്യമായ വിവരങ്ങളിൽ നിന്നും തിരുനാവായിലെ കുംഭമേളയുടെ ചിത്രങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്നത് പ്രയാഗ്‌രാജിൽ 2025ൽ നടന്ന മഹാകുംഭമേളയുടെ ചിത്രങ്ങളാണെന്ന് വ്യക്തമായി.
















