മുംബൈ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ടാക്സിവേയിൽ വച്ച് വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
എയർ ഇന്ത്യയുടെ മുംബൈ–കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ്–മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡ് ചെയ്ത ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു.
സംഭവമുണ്ടാകുമ്പോൾ ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം പുറപ്പെടുന്നത് വൈകി.
















