യുഎസ് പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേർക്കുവന്ന ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടു. ചൊവാഴ്ച അറബിക്കടലിൽ വച്ചായിരുന്നു സംഭവം. കടലിൽ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് വിമാനവാഹിനിക്കപ്പലിനടുത്തേക്ക് അടുക്കുന്ന ഇറാനിയൻ ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കപ്പലിലെ എഫ്–35സി യുദ്ധവിമാനം ഉപയോഗിച്ച് ഡ്രോൺ വെടിവച്ചിടുകയായിരുന്നുവെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു. വിമാനവാഹിനിക്കപ്പലിനെ ആക്രമണ സ്വഭാവത്തോടെ സമീപിച്ചതോടെയാണ് ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വിമാനവാഹിനിക്കപ്പലിനെയും അതിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ചിട്ടതെന്നും സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.
















