ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുരാരി ബാബുവിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 2019- 2015 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍ വര്‍ധനവുണ്ടായെന്ന് ഇ ഡി കണ്ടെത്തി.
2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചു എന്ന നിഗമനത്തിലാണ് ഇ ഡി. മുരാരി ബാബുവിന് സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇ ഡി വ്യക്തമാക്കി.
ഇന്നലെ ഏഴ് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇ ഡി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉളളതായും ഇ ഡിയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പപാളിയിലെയും സ്വർണം കവർന്ന കേസുകളിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. എസ്ഐടി രജിസ്റ്റർ ചെയ്ത കേസിൽ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതിയായ എസ് ശ്രീകുമാറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ജാമ്യത്തിൽ ഉള്ള പ്രതികൾക്ക് പുറമെ ചില സാക്ഷികളെയും ഇഡി വിളിച്ചുവരുത്തുമെന്നാണ് വിവരം.
















