യുവാവിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. അതിജീവിതയെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന സാഹചര്യം പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി. പ്രദീപ് കുമാറിന്റെ ബെഞ്ച് ഉത്തരവ് നൽകിയത്.
കഴിഞ്ഞ ജൂണിൽ സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു യുവാവിനെതിരെയുള്ള ആരോപണം. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
താൻ പരാതിക്കാരിയെ വിവാഹം കഴിച്ചുവെന്നും നിലവിൽ അവർക്ക് പ്രായപൂർത്തിയായെന്നും കാണിച്ച് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദത്തെ പിന്തുണച്ച് അതിജീവിത തന്നെ നേരിട്ട് സത്യവാങ്മൂലം സമർപ്പിച്ചു.
സമാനമായ സാഹചര്യങ്ങളിൽ സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ നൽകിയിട്ടുള്ള ഉത്തരവുകൾ സിംഗിൾ ബെഞ്ച് ഈ കേസിൽ മുഖവിലക്കെടുത്തു.
ദമ്പതികൾ ഇപ്പോൾ ഒരുമിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസിലെ തുടർ നടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.
















