അഹമ്മദാബാദിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കരണത്തടിച്ചു കേൾവിശക്തി നഷ്ടപ്പെട്ടെന്ന കേസിൽ അധ്യാപികക്ക് മൂന്ന് വർഷവും മൂന്ന് മാസവും തടവും 25,000 രൂപ പിഴയും വിധിച്ചു അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഗാന്ധിനഗർ സെക്ടർ 28ലെ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായ പരുൾബെന്നിനാണ് കോടതി ശിക്ഷ വിധിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി സയൻസിന്റെ ഹോംവർക് ചെയ്യാത്തതിൽ കുപിതയായ ടീച്ചർ കുട്ടിയുടെ ഇടത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ പെൺകുട്ടിയുടെ കർണപടത്തിന് ഗുരുതര പരിക്കേൽക്കുകയും കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തു.
തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും അധ്യാപികയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. “അധികാരം ദുരുപയോഗം ചെയ്ത്, നിഷ്കളങ്കയായ കുട്ടിക്കെതിരെ ശാരീരിക അതിക്രമം നടത്തുന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇത്തരം പ്രവൃത്തികൾ സഹിക്കാനാവില്ല. സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഈ ശിക്ഷ അനിവാര്യമാണ്” -വിധി പ്രസ്താവത്തിൽ ജഡ്ജി വ്യക്തമാക്കി.
















