ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍, തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന 67 വയസൂള്ള ഭര്‍തൃപിതാവിന്റെ ജനനേന്ദ്രിയം 28-കാരിയായ മരുമകള്‍ മുറിച്ചുമാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ബുധാന മേഖലയിലെ ചന്ദേരി റോഡിലുള്ള സഫിപൂര്‍ പട്ടിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിയാനയില്‍ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയങ്ങളിലെല്ലാം ഭര്‍തൃപിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ പീഡനം തുടരുകയായിരുന്നു. രണ്ട് ചെറിയ ആണ്‍മക്കള്‍ക്കും ഭര്‍തൃപിതാവിനുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. നഖം വെട്ടാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് യുവതി കൃത്യം നിര്‍വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭര്‍തൃപിതാവിന്റെ നിരന്തരമുള്ള ഉപദ്രവത്തെക്കുറിച്ച് യുവതി പലതവണ അയല്‍വാസികളോട് പരാതിപ്പെട്ടിരുന്നു. താന്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും, ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി. വീട്ടില്‍ പീഡനം നേരിടുന്നതായി യുവതി മുമ്പ് പറഞ്ഞിരുന്നെന്ന് അയല്‍വാസിയായ നസ്ര പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ കുടുംബം മറ്റുള്ളവരുമായി അധികം ഇടപഴകാറില്ലായിരുന്നതിനാല്‍ വീടിനുള്ളില്‍ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല എന്നാണ് അയല്‍വാസികളുടെ പക്ഷം.
സംഭവത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബുധാന സര്‍ക്കിള്‍ ഓഫീസര്‍ ഗജേന്ദ്ര പാല്‍ സിംഗ് അറിയിച്ചു. കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇരുവശത്തുനിന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, ലഭ്യമായ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
















