വെറും 19 വയസ്സുകാരിയുടെ പ്ലാനായിരുന്നു ഒരു യുവാവിനെ വെട്ടിക്കൊല്ലാന്‍ കാമുകനെ സഹായിച്ചതെന്ന് വിശ്വാസിക്കാനാവാതെ ഞെട്ടിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലക്കാര്‍. അതും സ്വന്തം ഭറത്താവിനെയാണ് കാമുകനെ കൊണ്ട് കൊല്ലിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് കൊണ്ടു പോകും വഴിയായിരുന്നു ഈ അരുംകൊല. കേസില്‍ 19കാരിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിലെ സുലഗിരി സ്വദേശിയാണ് കൊല്ലപ്പെട്ട രമേശ്(23). രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ശാന്തിപുരത്ത് നിന്ന് ഹാസിനിയെ (19) വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് ഒരു മകളുമുണ്ട്. ഹൊസൂരിലെ ഒരു സ്വകാര്യ കമ്പനിയിലാണ് രമേശിന് ജോലി. ഹാസിനിക്ക് ബാല്യകാലത്ത് ഒരു പ്രണയമുണ്ടായിരുന്നു. യുഗന്ധര്‍(20) എന്നാണ് അയാളുടെ പേര്. ഹാസിനിയുടെ വിവാഹശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു.
രമേശിനെ കാണാതെ ഇരുവരുംെ വീട്ടിലും പുറത്തുമൊക്കെ കാണുകയും സംസാരിക്കുകയും പ്രണയബദ്ധരാവുകയും ചെയ്തിരുന്നു. തമ്മില്‍ പിരിയാനാവാത്ത വിധം അടുത്തു പോയ ഇരുവരും തങ്ങളുടെ ബന്ധത്തിനിടയില്‍ നിന്നും രമേശിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. എങ്ങനെ കൊല്ലണമെന്ന പ്ലാന്‍ ഹാസിനി തന്നെ കാമുകന് പറഞ്ഞു കൊടുത്തു. പ്ലാന്‍ ഇഷ്ടപ്പെട്ട യുഗന്ധര്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്ലാന്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. അങ്ങനെ ആ ദിവസം വന്നു. ഒരു അമാവാസി നാളില്‍ ക്ഷേത്രദര്‍ശനം നടത്തണണെന്ന ഹാസിനിയുടെ വാശിയില്‍, മലമുകളിലെ ക്ഷേത്രത്തിലേക്ക് രമേശും പിഞ്ചുകുഞ്ഞുമായി പോയി. ചൊവ്വാഴ്ച മല്ലപ്പ കൊണ്ടയിലെ ശ്രീ മല്ലേശ്വര സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു യാത്ര. രമേശും ഹാസിനിയും മകളുമായി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ പിന്‍സീറ്റിലിരുന്ന് യാത്രയുടെ ലൈവ് ലൊക്കേഷന്‍ ഫോണില്‍ യുഗന്ധറുമായി പങ്കുവച്ചുകൊണ്ടിരുന്നു ഹാസിനി.
ഹില്‍ റോഡിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിന് സമീപം എത്തിയ ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ഈ സ്ഥലത്ത് വച്ച് ഹാസിനി തന്റെ ഹാന്‍ഡ് ബാഗ് മനഃപൂര്‍വം ഉപേക്ഷിക്കുകയും കളഞ്ഞുപോയതായി രമേശിനോട് കള്ളം പറയുകയും ചെയ്തു. ഇതോടെ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തിയ രമേശിനെ യുഗന്ധറും കൂട്ടാളികളും കൊലചെയ്യാനായി ചാടിവീണു. തുടര്‍ന്ന് രമേശ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരു കാട്ടിലേക്ക് ഏകദേശം 100 മീറ്ററോളം ഓടിച്ചുകൊണ്ടുപോയ ശേഷം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതചികളെ പിടികൂടി.
ഡിജിറ്റല്‍ തെളിവുകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, സാങ്കേതിക വിശകലനം എന്നിവ മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊലീസിനെ സഹായിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് എത്തേണ്ട സമയം അതിക്രമിച്ചതോടെ ഹാസിനിയുടെ അമ്മ പൊലീസിനെ സമീപിച്ചു. മകളും പേരക്കുട്ടിയും വീട്ടില്‍ തിരിച്ചെത്താത്തതിന്റെ പശ്ചാത്തലം അന്വേഷിച്ച് പോലീസും ഇറങ്ങി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ക്ഷേത്ര വഴിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി പോലീസ് ശേഖരിച്ചു. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ രമേശിന്റെ ബൈക്കിന് പിന്നിലിരുന്ന് ഹാസിനി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ടായിരുന്നു. എന്നാല്‍, കൊലപാതകം നടന്നതിന് ശേഷം ഹാസിനി മറ്റ് രണ്ട് യുവാക്കള്‍ക്കൊപ്പം രമേശിന്റെ തന്നെ മോട്ടോര്‍ സൈക്കിളില്‍ അവിടെ നിന്നും രക്ഷപ്പെടുന്നതാണ് പിന്നീട് ക്യാമറകളില്‍ പതിഞ്ഞത്.
ഈ സംശയാസ്പദമായ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ രേഖകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, മറ്റ് സാങ്കേതിക തെളിവുകള്‍ എന്നിവ വിശകലനം ചെയ്ത പൊലീസ് രമേശിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു. രമേശിനെ വിവാഹം കഴിക്കുമ്പോള്‍ ഹാസിനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ഇത് തെളിഞ്ഞാല്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.
















