ബംഗാളിലെ എസ്‌ഐആർ നടപടികളെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ എത്തി നേരിട്ട് വാദിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ സൂര്യകാന്തിന് മുന്നിൽ തന്റെ കേസ് അവതരിപ്പിക്കാൻ അഞ്ചു മിനിറ്റ് സമയം ആവശ്യപ്പെടുകയും ജസ്റ്റിസ് പതിനഞ്ചു മിനിറ്റ് സംസാരിക്കാൻ അനുവദിക്കുകയുമായിരുന്നു.
ഇന്ന് ഉച്ചക്ക് നടന്ന ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ വിമർശനങ്ങളാണ് വാദത്തിനിടെ മമത ഉയർത്തിയത്. തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും വോട്ടർ പട്ടികയിലെ പരാതികൾ അറിയിക്കാൻ ആയി ആറു തവണ താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് എഴുതിയെന്നും എന്നാൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും മമത ഉന്നയിച്ചു.
നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും മമത പറഞ്ഞു. മമതയുടെ ഹർജി ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ഉറപ്പുനൽകി.
കൂടാതെ മമതയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജിയിൽ ഇനി തിങ്കളാഴ്ച വീണ്ടും വാദംകേൾക്കും.
















