മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തിനിൽക്കുന്ന സാഹചര്യത്തിൽ, ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വെച്ച് നടക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തുർക്കിയിൽ വെച്ച് ചർച്ചകൾ നടത്താനായിരുന്നു അന്താരാഷ്ട്ര തലത്തിൽ ധാരണയുണ്ടായിരുന്നതെങ്കിലും, അവസാന നിമിഷം അമേരിക്കയുടെ നിർദ്ദേശപ്രകാരം വേദി ഒമാനിലേക്ക് മാറ്റുകയായിരുന്നു.
ചർച്ചകൾക്ക് മുന്നോടിയായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. “ഖമനയി വളരെയധികം ആശങ്കപ്പെടേണ്ടതുണ്ട്” എന്ന് പറഞ്ഞ ട്രംപ്, ഇറാനെ ഒരു കാരണവശാലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ചർച്ചകൾ എത്രത്തോളം വിജയിക്കും എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സൗഹൃദ രാജ്യങ്ങളായ അറബ് നേതാക്കളോടുള്ള ബഹുമാനം കണക്കിലെടുത്താണ് നയതന്ത്ര നീക്കങ്ങളുമായി മുന്നോട്ട് പോകാൻ അമേരിക്ക തീരുമാനിച്ചത്.
















