മെക്സിക്കോ സിറ്റി: ‘അപ്പോകലിപ്റ്റോ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ഹെറാർഡോ ടരസെന അന്തരിച്ചു. 55 വയസ്സായിരുന്നു. നെറ്റ്ഫ്ളിക്സ് പരമ്പരയായ ‘നാർക്കോ: മെക്സിക്കോ’യിലും താരം അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജനുവരി 31-ന് ടരസെന അന്തരിച്ചവിവരം മെക്സിക്കൻ ഫിലിം അക്കാദമിയാണ് പുറംലോകത്തെ അറിയിച്ചത്. 1970-ൽ മെക്സിക്കോ സിറ്റിയിലാണ് ജനനം. തിയേറ്റർ ആർട്‌സിൽ ബിരുദം നേടിയ അദ്ദേഹം നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 1990-കളിൽ സിനിമയിൽ സജീവമായി.മെൽ ഗിബ്‌സണിന്റെ അപ്പോക്കലിപ്‌റ്റോയിൽ ‘മിഡിൽ ഐ’ എന്ന പ്രതിനായക കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് ടരസെനയ്ക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.
ക്രൂരതയുടെയും വന്യതയുടെയും പര്യായമായിരുന്നു ആ കഥാപാത്രം. 2018-20 കാലത്ത് സംപ്രേഷണം ചെയ്ത ‘നാർക്കോസ്: മെക്സിക്കോ’ എന്ന പരമ്പരയിലെ ‘പാബ്ലോ അക്കോസ്റ്റ’ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
‘മെക്സിക്കൻ ഓസ്കർ’ എന്നറിയപ്പെടുന്ന ‘ഏരിയർ’ പുരസ്കാരത്തിന് മൂന്നുതവണ നാമനിർദേശം ലഭിച്ചിട്ടുണ്ട്. ‘ക്യൂൻ ഓഫ് ദ സൗത്ത്’, ‘ദ വയലിൻ’, ‘സർവൈവിങ് മൈ ക്വിൻസീ എറ’, ‘ടെക്സസ് റൈസിങ്’, ‘സിൻ നോംബ്രെ’, ‘മാൻ ഓൺ ഫയർ’, ‘ദ മെക്സിക്കൻ’, ‘സേവിങ് പ്രൈവറ്റ് പെരെസ്’ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. 30-ലേറെ നാടകങ്ങളിലും അഭിനയിച്ചു. നൃത്തസംഘത്തിന്റെ ഭാഗമായി വിവിധ ചലച്ചിത്രമേളകളിലും പ്രവർത്തിച്ചിട്ടുണ്ട്.
















