ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ജയിൽ തൊഴിലിനുള്ളതല്ല, മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹർജിയിലെ വാദം. ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
















