ഷൈൻ ടോം ചാക്കോ, ബിബിൻ ജോർജ്, ചന്ദുനാഥ് എന്നിർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ശുക്രൻ’ സിനിമയുടെ ട്രെയിലർ പുറത്തുവന്നു. ജി സിനിമാസിന്റെ ബാനറിൽ ജീമോൻ ജോർജ് നിർമിക്കുന്ന റൊമാൻറിക് കോമഡി ത്രില്ലർ ആണ് ‘ശുക്രൻ’. ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
കോമഡി ട്രാക്കിൽ ഒരു മർഡർ മിസ്റ്ററിയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ‘ശുക്രന്‍റെ’ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാഹുൽ കല്യാണാണ്. ആദിയ പ്രസാദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഛായാഗ്രഹണം മെൽബിൻ കുരിശിങ്കൽ, എഡിറ്റിങ് സുനീഷ് സെബാസ്റ്റ്യൻ, സംഗീതം സ്റ്റിൽജു അർജുൻ, ഗാനരചന രാജീവ് ആലുങ്കൽ, വയലാർ ശരത് ചന്ദ്രവർമ, രാഹുൽ കല്യാൺ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്.
അമേരിക്കൻ മലയാളി കൂട്ടായ്മയിലെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറസാന്നിദ്ധ്യവും തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ മലയാള ചലച്ചിത്ര താരങ്ങളെ അണിനിരത്തി സ്റ്റാർനൈറ്റുകളും മെഗാഷോകളും വിജയകരമായി സംഘടിപ്പിച്ചും അമേരിക്കയിൽ തിയറ്ററുകളിൽ മലയാള സിനിമയുടെ പ്രദർശനത്തിന്റെ അമരക്കാരനായും പ്രവർത്തിച്ചു കൊണ്ടാണ് ജീ സിനിമാസിന്റെ സാരഥി ജീമോൻ ജോർജ് മലയാള സിനിമയിലേക്ക് ചുവടുറപ്പിക്കുന്നത്. ജി സിനിമാസിന്റെ ആദ്യ നിർമാണസംരംഭമാണ് ശുക്രൻ. ജി സിനിമാസിനൊപ്പം എസ്കെജി ഫിലിംസും നീൽ സിനിമാസും സഹനിർമാതാക്കളായി ഉണ്ട്.
















