വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുടക്കം’. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
ജാഫര്‍ ഇടുക്കിയുടെ വാക്കുകൾ
“ഒരു സീരിയസ് പടമാണ് ഇത്. കോമഡി പടമൊന്നും അല്ല. ലാല്‍ സാറിന്‍റെ മകളും ഒക്കെയായിട്ടുള്ള കോമ്പിനേഷന്‍ ആയിരുന്നു. പൊലീസ് സ്റ്റേഷനിലെ ഒരു പാവത്താന്‍ പൊലീസുകാരനാണ് എന്‍റെ കഥാപാത്രം. എല്ലാവരോടും നന്നായി പെരുമാറുന്ന, ആരെയും തല്ലുകയും കൊല്ലുകയുമൊന്നും ഇല്ലാത്ത, സഹായമൊക്കെ ചെയ്യുന്ന ഒരു ന്യായം പൊലീസുകാരന്‍. നല്ല വേഷമാണ്”, ജാഫര്‍ പറയുന്നു.
എങ്ങനെയുണ്ട് വിസ്മയ എന്ന ചോദ്യത്തിന് അടിപൊളിയാണെന്ന് മറുപടി. “നായികയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ സിനിമയിലേക്ക് വിളിക്കുമ്പോഴും അവിടെ ചെല്ലുമ്പോഴും എനിക്ക് അത് അറിയില്ലായിരുന്നു. അവിടെ ചെന്നപ്പോഴാണ് ലാല്‍ സാറിന്‍റെ മോളാണ് നായിക എന്ന് അറിഞ്ഞത്. ലാല്‍ സാറിന്‍റെ മകള്‍ റൈറ്ററും ജൂഡ് സാറ് ഡയറക്ഷനും എന്നാണ് കരുതിയിരുന്നത്. സായ് കുമാര്‍ ചേട്ടനും ആ കുട്ടിയും ഞാനുമായിട്ടുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒക്കെയായിരുന്നു”, ജാഫര്‍ ഇടുക്കി.
















