കരിപ്പൂർ വിമാനത്താവളത്തിന് സമീപം പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങൾ അഗ്നിക്കിരയായി. ഉടൻ വിമാനത്താവളത്തിലെ, അത്യാധുനിക സൗകര്യമുള്ള ഫയർഫോഴ്സ് വാഹനം എത്തി. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു തീയണച്ചുതുടങ്ങി.
വൈകാതെ മീഞ്ചന്തയിൽനിന്നും മഞ്ചേരിയിൽനിന്നും അഗ്നിരക്ഷാസേനയെത്തി. നാലരയോടെ തീ പൂർണമായും അണച്ചു. പരിസരങ്ങളിലേക്കു പടരാതിരിക്കാനും നടപടികൾ സ്വീകരിച്ചു.
ഈ വാഹനങ്ങൾക്കൊപ്പം, വിമാനത്താവളത്തിൽ ഉപയോഗിച്ചിരുന്ന പലതരം സാമഗ്രികളും സമീപത്തുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കരിപ്പൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ വിമാനത്തിൽനിന്ന് ടെർമിനലിലേക്കും ടെർമിനലിൽനിന്ന് വിമാനത്തിലേക്കും എത്തിക്കാൻ, ഏകദേശം അഞ്ചു വർഷം മുൻപ് ഉപയോഗിച്ചിരുന്ന വാഹനങ്ങളാണിത്. കോഴിക്കോട് വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ ചെയ്തിരുന്ന കരാർ കമ്പനിയായിരുന്ന ഭദ്ര ഏജൻസിയുടെ പേരിലുള്ള 4 ബസുകളും ഒരു ആംബുലിഫ്റ്റ് വാഹനവുമാണ് അഗ്നിക്കിരയായത്.
രോഗികളെയും ആരോഗ്യപ്രശ്നമുള്ള യാത്രക്കാരെയും വിമാനത്തിലേക്ക് കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്ന വാഹനമാണ് ആംബുലിഫ്റ്റ്. ഏകദേശം അഞ്ച് വർഷം മുൻപ് കരാർ കമ്പനി കരിപ്പൂർ വിട്ടതോടെ, വിമാനത്താവള പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടതായിരുന്നു ഈ വാഹനങ്ങൾ. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്.
















