ചെന്നൈ വിമാനത്താവളത്തിൽ തായ്‌ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന കഞ്ചാവുമായി ആറ് മലയാളി ഐടി ജീവനക്കാർ പിടിയിൽ. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്നു ഹൈഡ്രോപോണിക് കഞ്ചാവാണ് ചെന്നൈ കസ്റ്റംസ് പിടികൂടിയത്.
കാസർകോട്-കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. രണ്ടു വിമാനങ്ങളിലായിട്ടായിരുന്നു സംഘം ചെന്നൈയിൽ എത്തിയത്. ആദ്യം നാലുപേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. തായ്‌ലൻഡിൽ വിനോദ സഞ്ചാരത്തിനായി പോയതാണെന്ന് ആയിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്.
എന്നാൽ പാസ്പോർട്ട് പരിശോധിച്ചപ്പോൾ തായ്‌ലൻഡിൽ എത്തി പിറ്റേ ദിവസം തന്നെ ഇവർ തിരികെ എത്തിയതായി ആണ് കാണിക്കുന്നത്. ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ 15 കിലോ ഉയർന്ന് ഗ്രേഡ് ഹൈഡ്രോപോണിക് പിടികൂടി. അന്താരാഷ്ട്രവിപണിയിൽ 15 കോടിയോളം രൂപ വിലവരുമിതിന്.
രണ്ടാമത്തെ സംഘം ഇന്നലെയായിരുന്നു വിമാനത്താവളത്തിൽ എത്തിയത്. മറ്റവരെ പോലെ തന്നെ തായ്‌ലൻഡിൽ നിന്ന് പിറ്റേ ദിവസം തന്നെ തിരികെ എത്തിയതിൽ സംശയം തോന്നിയ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 8 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടിയത്. 8 കോടിയോളം രൂപ അന്താരാഷ്ട്ര വിപണിയിൽ വിലവരുമിതിന്.
പിടികൂടിയ ആറു പേരും കേരളത്തിൽ നിന്നുള്ള ബിരുദധാരികൾ ആണെന്നും അതിൽ സോഫ്റ്റ്വെയർ എഞ്ചിനിയർമാരും ഉണ്ടെന്നു കസ്റ്റംസ് അറിയിച്ചു. തങ്ങളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് അനുയോജ്യമായ ജോലി ലഭിക്കാത്തതിനാലും ആഡംബര ജീവിതം നയിക്കാൻ പെട്ടന്ന് പണം ഉണ്ടാക്കാനുമായി ആണ് ഇതിന് മുന്നിട്ടിറങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്.
















