ഉത്തർപ്രദേശിൽ ഹോംവർക് ചെയ്യാത്തതിന് പത്തുവയസ്സുകാരനെ അധ്യാപകൻ 150 തവണ ചൂരൽ കൊണ്ട് മർദിച്ചു. കർണൈൽഗഞ്ച് ഏരിയയിലെ എം.ആർ.ജി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖർ സിങ് ആണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ കാലുകളിൽ മർദനമേറ്റ ആഴത്തിലുള്ള പാടുകളും വീക്കവുമുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കുട്ടി സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ മുടന്തി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ പരിശോധിച്ചപ്പോഴാണ് ശരീരമാസകലം തല്ലേറ്റ പാടുകൾ കണ്ടത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുക മാത്രമല്ല അടിച്ച വിവരം രഹസ്യമാക്കി വെക്കാൻ കുട്ടിക്ക് ബിസ്കറ്റ് നൽകി പ്രലോഭിപ്പിക്കുകയും, ആരോടെങ്കിലും പറഞ്ഞാൽ വീണ്ടും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം വിവാദമായതോടെ സ്‌കൂൾ മാനേജ്‌മെന്റ് അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്. പ്രഖർ സിങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
















