പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി കോൺഗ്രസ് നേതാവും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് ഉടമയുമായ എം.എൻ. രാജു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ ആന്റോ ആന്റണി കൈപ്പറ്റിയെന്നും, എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അത് തിരികെ നൽകിയില്ലെന്നുമാണ് രാജുവിന്റെ വെളിപ്പെടുത്തൽ.
2019-ലെ തിരഞ്ഞെടുപ്പ് സമയത്ത് പല ഘട്ടങ്ങളിലായാണ് ആന്റോ ആന്റണി പണം വാങ്ങിയതെന്ന് രാജു മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മാസത്തിനകം തുക തിരികെ നൽകാമെന്ന ഉറപ്പിന്മേൽ യാതൊരു ഈടുമില്ലാതെയാണ് രണ്ട് കോടി രൂപ നൽകിയത്.
എന്നാൽ ഇതുവരെ 20 ലക്ഷം രൂപ മാത്രമാണ് എംപി തിരികെ നൽകിയതെന്നും ബാക്കി തുകയ്ക്കായി ആയിരം തവണയെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും രാജു ആരോപിക്കുന്നു. തങ്ങൾ അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് വിശ്വസിച്ച് പണം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം സ്ഥാപനത്തിലെ നിക്ഷേപകരുടെ പണമാണ് എംപിക്ക് കൈമാറിയതെന്ന് രാജു വ്യക്തമാക്കി. ഇക്കാര്യം ക്രൈംബ്രാഞ്ചിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) അറിയിച്ചിട്ടുണ്ട്. തന്റെ സ്ഥാപനം പ്രതിസന്ധിയിലായ ഘട്ടത്തിൽ എംപിയുടെ വീട്ടിൽ നേരിട്ട് ചെന്ന് സഹായം അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം കൈമലർത്തുകയായിരുന്നുവെന്ന് രാജു സങ്കടത്തോടെ പറഞ്ഞു.
ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപമുണ്ടെന്ന വാർത്തകൾ രാജു തള്ളി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ തന്ത്രിക്ക് തന്റെ സ്ഥാപനത്തിൽ നിക്ഷേപമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
















