സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വാരാണസി’. എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഹോളിവുഡ് പ്രമോഷൻ വേദിയിൽ മലയാളികളുടെ കയ്യടി നേടിയിരിക്കുകയാണ് നടി പ്രിയങ്ക. താരത്തിന്റെ ‘കോട്ടയം കണക്‌ഷൻ’ ആണ് ശ്രദ്ധേയമാകുന്നത്.
‘‘കളരി ഒരു പ്രത്യേക ഐറ്റമാണ്, അതേക്കുറിച്ച് പൃഥ്വിരാജിനായിരിക്കും കൂടുതൽ പറയാൻ കഴിയുക’’ എന്ന് മഹേഷ് പറഞ്ഞതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രിയങ്ക ചോപ്രയുടെ ‘കോട്ടയം കണക്ഷൻ’ പുറത്തുവന്നു.
‘‘എനിക്കും കളരി അറിയാം കേട്ടോ, അത് എന്റെ കൂടി നാടിന്റെ കലയാണ്; എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്!’’ എന്ന പ്രിയങ്കയുടെ മറുപടി കേട്ട് മഹേഷും പൃഥ്വിയും ആശ്ചര്യപ്പെടുന്നതും വിഡിയോയിൽ കാണാം.
ഇന്ത്യൻ ഭക്ഷണത്തിലെ പ്രിയപ്പെട്ട വിഭവം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന്, ഒരു നിമിഷം പോലും ആലോചിക്കാതെ ‘ഹൈദരാബാദി ചിക്കൻ ബിരിയാണിയാണ് എന്റെ ജീവൻ’ എന്നായിരുന്നു മഹേഷ് ബാബുവിന്റെ മറുപടി. ഹൈദരാബാദി ബിരിയാണി തനിക്കും ഇഷ്ടമാണെങ്കിലും താൻ സ്ട്രീറ്റ് ഫുഡിലെ ‘ചാട്ടുകളുടെ’ വലിയൊരു ആരാധകയാണെന്ന് പ്രിയങ്കയും കൂട്ടിച്ചേർത്തു. ‘ഹൈദരാബാദിലെ ഭക്ഷണം അതിശയിപ്പിക്കുന്നതാണ്, എനിക്ക് ചിക്കൻ ബിരിയാണിയും ഇഷ്ടമാണ്. എന്നാൽ ഞാൻ ചാട്ടുകളുടെ വലിയൊരു ആരാധികയാണ്. ചാട്ടുകൾ എന്നാൽ സ്ട്രീറ്റ് ഫുഡ് ആണ്. അതാണ് എന്റെ ഫേവറിറ്റ്.’ പ്രിയങ്ക പറയുന്നു.
എന്നാൽ പൃഥ്വിരാജിന്റെ കാഴ്ചപ്പാട് അല്പം വ്യത്യസ്തമായിരുന്നു. ഇന്ത്യൻ ഭക്ഷണം എന്ന് പറയുന്നത് ഇന്ത്യൻ സിനിമ പോലെ വൈവിധ്യമാർന്നതാണെന്നും താൻ ഒരു കടലോര പട്ടണത്തിൽ ജനിച്ച് വളർന്നവനായതുകൊണ്ട് ‘ചോറും മീൻ കറിയുമാണ്’ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഭവമെന്നും പൃഥ്വി പറഞ്ഞു.
‘‘ഇന്ത്യൻ ഭക്ഷണം എന്ന് പറയുന്നത് ഇന്ത്യൻ സിനിമ എന്ന് പറയുന്നത് പോലെയാണ്. സത്യത്തിൽ ‘ഇന്ത്യൻ ഭക്ഷണം’ എന്നൊന്ന് മാത്രമായി ഇല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒരേ ഭക്ഷണമല്ല ഉള്ളത്. ഓരോ ഇടത്തും അത് വളരെ വളരെ വ്യത്യസ്തമാണ്. ഞാൻ കേരളത്തിലെ ഒരു കടലോര പട്ടണത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം കടൽ വിഭവങ്ങൾ കഴിച്ചാണ് ഞാൻ വളർന്നത്. എന്റെ നാട്ടിലെ ചോറും മീൻ കറിയുമാണ് എനിക്കേറ്റവും ഇഷ്ടം.’’–പൃഥ്വിരാജ് പറയുന്നു.
തനിക്ക് കേരളത്തിന്റെ കളരിപ്പയറ്റ് എന്ന ആയോധനകാല ഒരുപാട് ഇഷ്ടമാണെന്നും സിനിമയ്ക്ക് വേണ്ടി ആറുമാസം കളരി അഭ്യസിച്ചു എന്നും മഹേഷ്ബാബു പറഞ്ഞു.
‘‘കളരി ചെയ്യുമ്പോൾ നമ്മുടെ ശരീരം നന്നായി വഴങ്ങുകയും അത്തരം പോസുകൾ ചെയ്യുന്നത് എളുപ്പമാവുകയും ചെയ്യും. പിന്നെ സംവിധായകന് എന്റെ ഓടുന്ന ശൈലി മാറ്റണമെന്നുണ്ടായിരുന്നു. അതിനായി ഞാൻ ആറുമാസം ട്രാക്ക് ആൻഡ് ഫീൽഡ് ടീമിനൊപ്പം പരിശീലനം നടത്തി. സിനിമയിൽ വെറും രണ്ട് ഷോട്ട് മാത്രമേ അത്തരത്തിൽ ഉണ്ടാവുകയുള്ളൂ എങ്കിലും ആ ചിത്രത്തിനായി അത്രത്തോളം ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ഞാൻ തയാറായിരുന്നു.
കളരി പരിശീലനം ഒരുതരം വ്യായാമം കൂടിയാണ്. എനിക്ക് ആയോധന കലകൾ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ഓഫീസിൽ പോയി ടീമിനൊപ്പം സമയം ചെലവഴിക്കും, എന്റെ അത്ലറ്റിക് പരിശീലനവും കളരി പരിശീലനവും നടത്തും. ഇവിടെ ഒരാൾക്ക് (അടുത്തുണ്ടായിരുന്ന മറ്റൊരാളെ ഉദ്ദേശിച്ച്) വർക്കൗട്ട് ചെയ്യുന്നത് അത്ര താല്പര്യമില്ല, പക്ഷേ അത് സാരമില്ല.
പലരും വിചാരിക്കുന്നത് എന്തോ കടുത്ത വർക്ക്‌ഷോപ്പുകൾ നടക്കുന്നു എന്നാണ്. എന്നാൽ അങ്ങനെയല്ല, ഇത്തരം കാര്യങ്ങളാണ് ഞങ്ങൾ ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം എനിക്ക് ചില യൂറോപ്യൻ ശില്പങ്ങളുടെ ചിത്രങ്ങൾ തന്നു, അതിൽ ചില പ്രത്യേക പോസുകൾ ഉണ്ടായിരുന്നു. ആ ചിത്രങ്ങൾ ഞാൻ എന്റെ പഠനമുറിയിൽ എല്ലായിടത്തും ഒട്ടിച്ചുവെച്ചു. ഞാൻ ആ പോസുകൾ അനുകരിക്കാൻ ശ്രമിക്കുകയും ഫോണിൽ അവ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.’’ മഹേഷ് ബാബു പറയുന്നു.
ഭക്ഷണത്തിന്റെ രുചിയും ആയോധന കലയുടെ വീര്യവും പ്രിയങ്കയുടെ കോട്ടയം വിശേഷങ്ങളും ഒത്തുചേർന്നപ്പോൾ ‘വാരാണസി’യുടെ പ്രമോഷൻ വേദി അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി!
















