ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം പ്രധാനമാണ്. ഒരു മുതിർന്ന വ്യക്തിക്ക് എല്ലാ ദിവസവും 7 മുതൽ 9മണിക്കൂർ വരെ ഉറക്കം ആവശ്യമായി വരും. 8 മണിക്കൂർ ഉറങ്ങിയതിന് ശേഷവും ഒരാൾക്ക് ക്ഷീണം തോന്നിയാൽ അത് സ്ലീപ് ഫ്രാഗ്മെന്റേഷൻ മൂലമാകാം എന്നാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത്.
എന്താണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ?
രാത്രിയിലുടനീളം ഇടയ്ക്കിടെയുള്ള ഉണരുന്നതോ ഉറക്കത്തിലുണ്ടാകുന്ന മാറ്റങ്ങളോ വഴി ഉറക്കചക്രം തടസ്സപ്പെടുന്നതാണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ. എഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടാകാം. എന്നാൽ, ഈ തടസ്സങ്ങൾ പകൽ സമയത്തെ ക്ഷീണത്തിനും ബ്രെയിൻ ഫോഗിനുംവരെ കാരണമാകുന്നു.
ലക്ഷണങ്ങൾ
- ഉറക്കമുണരുമ്പോൾ ക്ഷീണം അനുഭവപ്പെടുക
- സാധാരണ നിലയിൽ ഇരിക്കാൻ കഫീൻ ആവശ്യമായി വരിക
- ബ്രെയിൻ ഫോഗ്
- ഉച്ചകഴിഞ്ഞ് തളർച്ച അനുഭവപ്പെടുക
ഇവ ഒഴിവാക്കാം
- വൈകി കാപ്പി കുടിക്കുന്നത്
- മദ്യം
- ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കുന്നത്.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
















