അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾക്കിടയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം യുഎസ് നടത്തിയാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചി മുന്നറിയിപ്പ് നൽകി.
അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ പ്രതിരോധ നയം വ്യക്തമാക്കിയത്.
ഇറാന്റെ മിസൈൽ വികസന പദ്ധതികൾ രാജ്യത്തിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശമാണെന്നും അതിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അരാഗച്ചി പറഞ്ഞു. ആണവ വിഷയങ്ങളിൽ ചർച്ചയാകാമെങ്കിലും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ തയ്യാറല്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. നിലവിൽ യുഎസുമായി ഒമാൻ കേന്ദ്രീകരിച്ച് നടക്കുന്നത് അനൗദ്യോഗിക ചർച്ചകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റിൽ നടന്നത് അമേരിക്കയുമായി ആശയവിനിമയം നടത്താനുള്ള ഒരു വേദിയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി നിരീക്ഷിച്ചു.
”ഇതൊരു നല്ല തുടക്കമാണ്. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നഷ്ടപ്പെട്ട പരസ്പര വിശ്വാസം വീണ്ടെടുക്കാൻ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട്,” അദ്ദേഹം പറഞ്ഞു.
തടസ്സങ്ങൾ ഇല്ലാതാക്കി നയതന്ത്ര പാത തുറക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിലും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങൾ ചർച്ചകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ഇറാന് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും മേൽ പുതിയ തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ഇറാന്റെ എണ്ണക്കയറ്റുമതി പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ എണ്ണക്കപ്പലുകൾക്ക് മേൽ കർശനമായ പുതിയ ഉപരോധങ്ങളാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ചർച്ചകളുടെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
















