ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ പള്ളിയിൽ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പാക് മന്ത്രി മുഹ്‌സിൻ നഖ്‌വിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വെള്ളിയാഴ്ച നടന്ന ചാവേർ സ്‌ഫോടനത്തിന്റെ സൂത്രധാരനെയും നാല് സഹായികളെയും പാക് സൈന്യം അറസ്റ്റ് ചെയ്തതായി മുഹ്‌സിൻ നഖ്‌വി അറിയിച്ചു.
31 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണ വിശദാംശങ്ങൾ നഖ്‌വി മാധ്യമങ്ങളുമായി പങ്കുവെച്ചതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തുൻഖ്വയിൽ സൈന്യം നടത്തിയ റെയ്ഡിലാണ് അറസ്റ്റെന്നും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നത് തുടരുകയാണെന്നും പാക് മന്ത്രി വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (IS) ഏറ്റെടുത്തിരുന്നു. കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റും (CTD) പോലീസും സംയുക്തമായാണ് അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ‘സ്‌ഫോടനത്തിന്റെ സൂത്രധാരൻ അടക്കം, ആക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും ശനിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെ പിടികൂടി.’ നഖ്വി പറഞ്ഞു.
‘സ്‌ഫോടനത്തിന് ശേഷം, നോഷേറയിലും പെഷവാറിലും റെയ്ഡുകൾ നടത്തി, അതിൽ നാല് സഹായികളെ പിടികൂടി. കൂടാതെ, സൂത്രധാരനനായ അഫ്ഗാൻ സ്വദേശിയേയും പിടികൂടി.’ അദ്ദേഹം പറഞ്ഞു. റെയ്ഡുകളിൽ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കൊല്ലപ്പെടുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ദായിശുമായി ബന്ധമുള്ളയാളാണെന്നും എല്ലാത്തിനും പിന്നിൽ പ്രവർത്തിച്ചത് ദായിശ് അഫ്ഗാനിസ്ഥാൻ’ ആണെന്നും നഖ്‌വി ആരോപിച്ചു. ‘തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP), അഫ്ഗാൻ താലിബാൻ, ദായിശ്, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ, 21 തീവ്രവാദ സംഘടനകൾ അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. നഖ്വി പറഞ്ഞു.
അഫ്ഗാനിൽ അധികാരം സ്വന്തമാക്കുന്നതിന് പോരാടുന്ന, ജിഹാദി ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസാൻ പ്രൊവിൻസ് (IS-KP AYhm ISIS-K) ആണ് അഫ്ഗാനിസ്ഥാനിലെ ദായിശ്. തീവ്രമായ ആക്രമണങ്ങൾ, സാധാരണക്കാരെ ലക്ഷ്യമിടുന്നത്, പ്രതിയോഗികളായ സൈനികർ (താലിബാൻ ഉൾപ്പെടെ) എന്നിവയ്ക്ക് പേരുകേട്ട ഇവർ, പ്രധാനമായും അഫ്ഗാനിസ്ഥാന്റെ കിഴക്കൻ, വടക്കൻ ഭാഗങ്ങളിൽ തീവ്രവാദ ആക്രമണങ്ങളിലൂടെ ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു.
















