മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ കുത്തേറ്റു ഒഡീഷ സ്വദേശി മരിച്ചു. പ്ലൈവുഡ് കമ്പനി തൊഴിലാളിയായ രാകേഷ് ബെഹ്റ ആണ് കൊല്ലപ്പെട്ടത്. രാകേഷിനൊപ്പം ഒരേ പ്ലൈവുഡ് കമ്പനിയിലും ഒപ്പവും താമസിച്ചിരുന്ന ഒഡീഷ സ്വദേശി ശരത് മാരനെ ആണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. അവധി ദിവസമായതിനാൽ രാത്രിയിൽ വീട്ടിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു ഇരുവരും. ഇതിന്റെ ഇടയിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തർക്കം മൂർച്ഛിച്ചപ്പോൾ ശരത്തിന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാകേഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
രാകേഷിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേക്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ശരത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാകേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.
















