ജനസൗഹൃദ പോലീസിംഗിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പുതുതായി സേനയിലേക്ക് വരുന്ന സബ് ഇന്‍സ്‌പെക്ടര്‍മാരോട് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍. പരമ്പരാഗത പോലീസിംഗിന്റെ രീതികള്‍ അനുദിനം മാറിവരികയാണെന്നും അതിനനുസൃതമായി പോലീസ് ഓഫീസര്‍മാര്‍ അവരവരുടെ വൈദഗ്ദ്ധ്യമേഖലകള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലിസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 73 പൊലീസ് സബ് ഇന്‍സ്‌പെക്ട്ര്മാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍, വിര്‍ച്വല്‍ അറസ്റ്റ്, ക്രിപ്‌റ്റോ കറന്‍സി വഴിയുള്ള തട്ടിപ്പുകള്‍, സംഘടിത ലഹരിമരുന്ന് വ്യാപാരം എന്നിങ്ങനെ മുന്‍പത്തെക്കാളും വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണിന്നു പോലീസിന് നേരിടേണ്ടി വരുന്നത്.
കായികശക്തിയും സംഘടിതബലവും മാത്രം ഉപയോഗിച്ച് ഇവ തടയാനാവില്ല. ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയും സാങ്കേതികതയെ അടുത്തറിഞ്ഞുകൊണ്ടും മാത്രമേ പുതുതലമുറ കുറ്റകൃത്യങ്ങളെ നേരിടാനാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. അനന്തു ശേഖര്‍ ആര്‍ നയിച്ച പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് നിസാമുദ്ദീന്‍ കെ.എസ് ആയിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരം വിതരണം ചെയ്തു. മികച്ച ഓള്‍ റൗണ്ടര്‍, ഇന്‍ഡോര്‍ കേഡറ്റായി അനന്തു ശേഖര്‍ ആറും മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി നിസാമുദ്ദീന്‍ കെ.എസും തിരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് .കെ യാണ് മികച്ച ഷൂട്ടര്‍.
2025 ജനുവരി എട്ടിന് ആരംഭിച്ച ഒരു വര്‍ഷക്കാലത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീല്‍ഡ് & ലാത്തി ഡ്രില്‍, വണ്‍ മിനിറ്റ് ഡ്രില്‍, സെറിമോണിയല്‍ ഡ്രില്‍, സ്വോര്‍ഡ് ഡ്രില്‍, കെയിന്‍ ഡ്രില്‍, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, ഫീല്‍ഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷന്‍ & ഡിസ്‌പോസല്‍, കരാട്ടേ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ SOG യുടെ കീഴില്‍ കമാണ്ടോ ട്രെയിനിംഗ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും അത്യാധുനിക ആയുധങ്ങളായ എ.കെ 47, താര്‍, ഇന്‍സാസ്, എസ്.എല്‍.ആര്‍, എല്‍.എം.ജി, ഗ്ലോക്ക് പിസ്റ്റള്‍, 9 എം.എം പിസ്റ്റള്‍, കാര്‍ബൈന്‍ എന്നിവയില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, Artificial Intelligence in Policing, Compassionate Communication & Intervention by Police (CCIP), ഫോറന്‍സിക് മെഡിസിന്‍, കംമ്പ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും ലഭ്യമായിട്ടുണ്ട്.
കൂടാതെ കേരളം സമീപ കാലത്ത് നേരിട്ട പ്രളയക്കെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ വിദഗ്ദ്ധര്‍ പ്രായോഗിക പരിശീലനവും നല്‍കിയിട്ടുണ്ട്. കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവല്‍ ബേസിലും ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിട്ടുള്ളതാണ്. അരീക്കോട് SOG ക്യാമ്പില്‍ 15 ദിവസത്തെ ഭീകര വിരുദ്ധ പരിശീലനവും ഇടുക്കിയിലെ കുട്ടിക്കാനത്ത് 5 ദിവസത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശീലനവും നല്‍കി.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരള സൃഷ്ടിക്കായി പോലീസിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്റെ ആപ്തവാക്യമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’ അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയിട്ടുള്ളത്. മുന്‍ ബാച്ചുകളിലേത് പോലെതന്നെ പരിശീലനം പൂര്‍ത്തിയാക്കി കേരള പോലീസിന്റെ ഭാഗമാകുന്ന 31 ഡി ബാച്ചിലും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. ഇന്ന് പാസ്ഔട്ടായി സേനയുടെ ഭാഗമാകുന്നവരില്‍ വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികളായ 22 പേരും ബിരുദധാരികളായ 51 പേരും ഉള്‍പ്പെടുന്നു. ഐ.ജി.യും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ കെ. സേതുരാമന്‍, തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി നാരായണന്‍ റ്റി, മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പരിശീലനാര്‍ത്ഥികളുടെ ബന്ധുക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















