മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.
ഉക്രുൽ ജില്ലയിലെ ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തിൽ ഇരുപതിലധികം നാഗാ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടു. ഉക്രുൽ, കാംജോങ് ജില്ലകളിൽ കുക്കികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന താങ്കുൽ നാഗാ ഗോത്രത്തിന്റെ തീരുമാനമാണ് പുതിയ സംഘർഷത്തിന് തുടക്കമിട്ടത്. സമാധാനശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും കലാപം വ്യാപിക്കുകയാണ്.
നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉക്രുൽ. ഇവിടത്തെ സായുധ നാഗാ ഗ്രൂപ്പുകളും സംഘർഷത്തിൽ പങ്കാളിയായതോടെ കുക്കി ഗോത്രവിഭാഗക്കാർ ഇവിടെ നിന്ന് പലായനം ചെയ്യുകയാണ്.
ശനിയാഴ്ച ലിറ്റാൻ ഗ്രാമത്തിൽ നാഗാ യുവാവിനെ കുക്കി ഗോത്രത്തിൽപ്പെട്ട ചിലർ ആക്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. കലാപം വ്യാപിക്കുമെന്ന ഭയത്തിൽ കൂടുതൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചു.