തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റാന്നിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഇനി രണ്ടുപേരെ കൂടിയാണ് പിടികൂടാനുള്ളത്.
സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം നിരണം സ്വദേശി വരുണിനെയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ആലുവയിൽ നിന്നായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ നേതാവ് മരണ സുബിൻ്റെ അടുത്ത സുഹൃത്താണ് വരുൺ.
കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി പിടികൂടാനുള്ള രണ്ടുപേർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്‌സാണ്ടർ അടക്കം ആറ് പേർ. 50000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി.
ഇതിന്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
















