ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.
















