ഉറച്ച നിലപാടുകളുടേയും അഭിപ്രായപ്രകടനങ്ങളുടേയും പേരിൽ സോഷ്യൽ മീഡിയയിൽ നിന്നും നിരന്തരം ട്രോളുകളും വിമർശനങ്ങളും നേരിടുന്ന താരമാണ് പാർവതി തിരുവോത്ത്. ടോക്‌സിക്കിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴും നടിക്ക് ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ ‘സേ ഇറ്റ്’ പ്രസ്താവനയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായി നടുവിരൽ കാണിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ‘സേ ഇറ്റ്’ എന്ന കമന്റുമായി ഒരാൾ എത്തിയത്. ഒരു വിഡിയോയിലൂടെയായിരുന്നു ഇതിന് നടി മറുപടി നൽകിയത്. കൈകൾ പതുക്കെ ഉയർത്തി, അവസാനം നടുവിരൽ കാണിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ മറ്റൊരു ചോദ്യവും പാർവതിയെ തേടിയെത്തി. അന്ന് ആ വിമർശനം ഉയർത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് പാർവതിയുടെ മറുപടി.
ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ടീസറിനെച്ചൊല്ലി വിവാദങ്ങൾ കത്തുമ്പോൾ, നടി പാർവതി തിരുവോത്തും ഗീതുവും തമ്മിലുള്ള പിണക്കം സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങളുമായി പ്രേക്ഷകർ പാർവതിക്ക് മുന്നിലെത്തുന്നത്. ‘ടോക്സിക്കി’ന്റെ ആദ്യ പ്രൊമോ വന്നപ്പോൾ തന്നെ ഗീതുവിനെ അൺഫോളോ ചെയ്യുകയും, കണ്ണിന്‍റെ സ്റ്റിക്കർ ചുണ്ടിൽ ഒട്ടിച്ച വിചിത്രമായ ചിത്രം പങ്കുവെച്ച് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു പാർവതി.
















