കേരളത്തിന് എയിംസ് അനുവദിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് പദ്ധതി 2026-ൽ വരുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സഹകരിക്കുകയാണെങ്കിൽ 2027-ലോ 2028-ലോ പദ്ധതി യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടത്തിയ ബജറ്റ് പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എയിംസ് അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. 2016-ൽ പ്രഖ്യാപിച്ച പദ്ധതിക്കായി കേരളം ഇതുവരെ എന്തുചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിക്കായി അനുയോജ്യമായ നാല് സ്ഥലങ്ങളെങ്കിലും സംസ്ഥാനം നിർദ്ദേശിക്കണം. ഒന്നും ചെയ്യാതിരുന്നാൽ പദ്ധതി തനിയെ വരില്ലെന്നും, അടുത്ത സർക്കാരെങ്കിലും സ്ഥലം ഏറ്റെടുത്തു നൽകട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. മുൻപ് യുപിഎ സർക്കാരിന്റെ കാലത്ത് കേരളത്തിൽ നിന്ന് നിരവധി കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും എയിംസ് പോലുള്ള ആവശ്യങ്ങൾ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നും അദ്ദേഹം ചോദ്യമുയർത്തി.
പദ്ധതിയുടെ സ്ഥലത്തെ സംബന്ധിച്ച തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ എയിംസ് വരണമെന്നതാണ് 2016 മുതലുള്ള തന്റെ നിലപാട്. അവിടെ സ്ഥലം ലഭ്യമാക്കിയില്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വിവാദമായ “എയിംസ് വരുമെടാ മറ്റേ മോനെ…” എന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. “അമ്മയാണെ സത്യം, താൻ അത്തരമൊരു അർത്ഥത്തിലല്ല അത് പറഞ്ഞത്. തന്നെ വിമർശിച്ച വ്യക്തിയുടെ പേര് അന്നേരം ഓർമ്മ വരാത്തതുകൊണ്ട് ‘മറ്റേ ആ മോൻ’ എന്ന് ഉദ്ദേശിച്ചതാണ്. എന്നാൽ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു,” സുരേഷ് ഗോപി വിശദീകരിച്ചു. പേര് പരാമർശിക്കാതെയായിരുന്നു വിമർശകർക്കുള്ള മന്ത്രിയുടെ ഈ മറുപടി.
















