പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എം.പി തർക്കത്തിൽ ഏർപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ എ ഐ നിർമ്മിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. രാഷ്ട്രീയ ലാഭത്തിനായി ഇടതുപക്ഷ കേന്ദ്രങ്ങൾ എഡിറ്റ് ചെയ്ത വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വേദിയിൽ ഷാഫി പറമ്പിൽ ആരുടെയും കഴുത്തിന് പിടിച്ചിട്ടില്ലെന്നും അത്തരം ദൃശ്യങ്ങൾ സാങ്കേതികമായി കൃത്രിമം കാണിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടി നിശ്ചയിച്ചതിലും വൈകിയതിനാൽ, പ്രസംഗിക്കാൻ വിളിച്ചപ്പോൾ ഷാഫി അത് സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്. പ്രസംഗിക്കാൻ വിസമ്മതിക്കുന്ന സാഹചര്യം മാത്രമാണ് അവിടെ ഉണ്ടായതെന്നും അതിനെ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രമോദ് കക്കട്ടിൽ കൂട്ടിച്ചേർത്തു.
സിപിഎം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ഈ വ്യാജ പ്രചാരണം ശക്തമായതെന്ന് ഡിസിസി ആരോപിച്ചു. യുഡിഎഫ് യാത്രയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം നുണപ്രചാരണങ്ങളുമായി ഇടതുപക്ഷം രംഗത്തിറങ്ങിയിരിക്കുന്നതെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
യാത്ര വിജയകരമായി മുന്നേറുന്നതിനിടെ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നത്. വേദിയിൽ യാതൊരു വിധത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിട്ടില്ലെന്നും മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പരിപാടി സുഗമമായാണ് നടന്നതെന്നും ഡിസിസി സെക്രട്ടറി വ്യക്തമാക്കി.
















