പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി കേരളത്തില്‍ നിന്നുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ സംഘം. കേരളത്തിലെ സാധ്യതകള്‍ കൗണ്‍സിലര്‍മാര്‍ക്ക് മോദി വിശദീകരിച്ച് നല്‍കി. രണ്ട് മണിക്കൂര്‍ നേരം കൂടിക്കാഴ്ച നീണ്ടു. സാധാരണക്കാര്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയത്. ഓരോ പ്രവര്‍ത്തകരോടും വിശദമായി സംസാരിച്ചു. കേരളത്തിലെ സാധ്യതകള്‍ ഓരോന്നായി വിശദീകരിച്ചു. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും കൗണ്‍സിലര്‍മാരോട് ഉപദേശിച്ചു. വരുംകാലങ്ങളില്‍ ബിജെപി കേരളത്തില്‍ കൂടുതല്‍ വളരുമെന്നും മോദി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേടിയ വിജയം നിസാരമായി കാണരുത്. മികച്ച വിജയമാണ് നേടിയത്. അതുകൊണ്ടാണ് അംഗങ്ങളെ ഡല്‍ഹിയിലേക്ക് വിളിച്ചത്. ജനങ്ങളുടെ വിശ്വസം കാത്തു സൂക്ഷിക്കണം. ചിട്ടയായും പടിപടിയായും പ്രവര്‍ത്തിച്ച് മുന്നോട് പോകണം കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക്. ആവശ്യമായ ഘടകങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളെ മടുത്തു. ബിജെപി ജനപ്രതിനിധികള്‍ താഴെത്തട്ടില്‍ ഉള്ളവര്‍ക്കായി പ്രവര്‍ത്തിക്കും. വരുംകാലങ്ങളില്‍ ബിജെപി കേരളത്തില്‍ കൂടുതല്‍ വളരും – പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തെ പാര്‍ലമെന്റില്‍ എത്തിയ അംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി സി.പി രാധാക്യഷ്ണന്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരും അഭിനന്ദിച്ചു. രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് നഗര വികസന മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേരളത്തില്‍ നിന്നുള്ള സംഘത്തിന് കേന്ദ്ര പദ്ധതികള്‍ വിശദീകരിച്ചു നല്‍കിയിരുന്നു. പ്രധാനമന്ത്രി കേരളത്തിലെ സാധ്യതകള്‍ വിശദീകരിച്ചുവെന്നും പ്രവര്‍ത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കിയെന്നും മേയര്‍ വിവി രാജേഷ് പറഞ്ഞു. ഓരോ പ്രവര്‍ത്തകരോടും വിശദമായി സംസാരിച്ചു. ഒന്നര മണിക്കൂര്‍ സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി എത്തും – അദ്ദേഹം വ്യക്തമാക്കി.
Story Highlights : BJP delegation from Kerala meets Prime Minister
















