മോസ്‌കോ: പ്രമുഖ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വാട്‌സാപ്പ് നിരോധിച്ച് റഷ്യ. മെറ്റ പ്ലാറ്റ്‌ഫോം ഉടമസ്ഥതയിലുള്ള വാട്സാപ്പിന് പകരക്കാരനാകുക ഇനി ‘മാക്സ്’ ആയിരിക്കും. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് റഷ്യ വാട്‌സാപ്പ് നിരോധിച്ചത്.
റഷ്യയിൽ 10 കോടി സജീവ ഉപയോക്താക്കളുണ്ട് വാട്‌സാപ്പിന്. ഇവരോട് വാട്‌സാപ്പിനു ബദലായി തദ്ദേശീയമായ വികസിപ്പിച്ച, സർക്കാർ പിന്തുണയുള്ള മെസേജിങ് ആപ്ലിക്കേഷനായ ‘മാക്‌സി’ലേക്ക് മാറാൻ നിർദേശിച്ചു. രാജ്യത്തുടനീളം വാട്‌സാപ്പ് ബ്ലോക്കുചെയ്യാൻ തീരുമാനമെടുത്തതും നടപ്പാക്കിയതും സത്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.
പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്ന് റഷ്യൻ വിവരവിനിമയ നിയന്ത്രണ ഏജൻസിയായ റോസ്‌കോംനാഡ്‌സർ വാട്സാപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഏജൻസി വാട്സാപ്പിനെ തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ലിസ്റ്റിൽനിന്ന് നീക്കംചെയ്തെന്നാണ് വിവരം. മാസങ്ങളായി രാജ്യത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ മാക്സിനോടടുപ്പിക്കാൻ റഷ്യൻ ഭരണകൂടം ശ്രമിക്കുന്നു. ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എൻഡ് ടു എൻഡ് എൻക്രിപ്ഷൻ’ ഫീച്ചർ വാട്സാപ്പിനുണ്ട്. എന്നാൽ, മാക്സിനതില്ല. ജനങ്ങൾക്കുമേൽ നിരീക്ഷണം ശക്തമാക്കാനും വ്യക്തികളുടെ സ്വകാര്യഡേറ്റ ചോർത്താനും ഇന്റർനെറ്റ് നിയന്ത്രിക്കാനുമുള്ള ഉപാധിയായാണ് സർക്കാരിന്റെ നീക്കമെന്നാണ് വിമർശകരുടെ ആരോപണം.
ഉപയോക്താക്കളെ മാക്‌സിലേക്ക് ചേക്കേറിക്കാനായി റഷ്യ വാട്‌സാപ്പ് പൂർണമായും നിരോധിക്കാൻ ശ്രമിക്കുകയാണെന്ന് ബുധനാഴ്ച മെറ്റ പറഞ്ഞിരുന്നു. 10 കോടി ഉപയോക്താക്കളെ സുരക്ഷിതവും സ്വകാര്യവുമായ ആശയവിനിമയ മാർഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് പിന്നോട്ടുള്ള പോക്കാണെന്നും അത് റഷ്യൻ ജനതയുടെ സുരക്ഷ കുറയ്ക്കാൻ മാത്രമേ സഹായിക്കൂവെന്നും വാട്സാപ്പും പ്രതികരിച്ചു. ഉപയോക്താക്കളെ ബന്ധിപ്പിച്ചുനിർത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. തട്ടിപ്പ്, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ വിവരങ്ങൾ കൈമാറാൻ വിദേശ ആപ്പുകൾ വിസമ്മതിക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞവർഷം വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയുള്ള കോളുകൾക്ക് റഷ്യ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
2022 ഫെബ്രുവരിയിൽ യുക്രൈനിൽ അധിനിവേശം ആരംഭിച്ചശേഷം ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകൾ റഷ്യ നിരോധിച്ചു.
















