ബെംഗളൂരു: മുതിർന്ന കന്നഡ നടനും സംവിധായകനും ജോ സൈമൺ അന്തരിച്ചു. 80 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടനായും സംവിധായകനായും ഗാനരചയിതാവായും നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് 4.30-ഓടെ മരണം സ്ഥിരീകരിച്ചു.കന്നഡയിൽ നിരവധി ജനപ്രിയ ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്.
‘സാഹസ സിംഹ’, ‘സിംഹ ജോഡി’, ‘മിസ്റ്റർ വാസു’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവ് ആർ. അശോകയും അനുശോചനം അറിയിച്ചു. മാണ്ഡ്യയിൽനിന്നുള്ള ജോ സൈമൺ പതിറ്റാണ്ടുകളായി കന്നഡ സിനിമയുടെ അവിഭാജ്യഘടകമാണെന്ന് ഡി.കെ. ശിവകുമാർ എക്‌സിൽ കുറിച്ചു. കന്നഡ സിനിമയ്ക്ക് ജോ സൈമൺ നൽകിയ സംഭാവനകളെ ആർ. അശോക സ്മരിച്ചു.
















