പൂരം കലക്കലിൽ ഗൂഢാലോചന ആവർത്തിച്ച് വി.എസ്. സുനിൽകുമാർ. തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർക്കുന്നതിനോട് യോജിപ്പില്ലെന്നും, അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം പ്രതി ആക്കേണ്ടതെന്നും സുനിൽ കുമാർ പറഞ്ഞു. പൂരം കലക്കിയതിൽ കളക്ടറുടെ ഇടപെടലിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്നും വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി. പൂരം കലക്കിയതിൽ ഒന്നാമത്തെ പ്രതി ആവേണ്ടത് അന്നത്തെ ജില്ലാ കളക്ടർ ആണ്. മന്ത്രിമാരോ എംഎൽഎമാരോ അങ്ങോട്ട് വരണ്ട എന്നാണ് ജില്ലാ കളക്ടർ പറഞ്ഞത്. പൂരം അലങ്കോലപ്പെടട്ടെ എന്ന ധാരണ കളക്ടർക്ക് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നു. പൂരം കലങ്ങിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. ഇതിന് പിന്നിൽ ആർഎസ്എസുകാരും ബിജെപിക്കാരും ഉണ്ടെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി.
ദേവസ്വത്തെ പഴിചാരുന്ന അന്വേഷണ റിപ്പോർട്ടിനോട് യോജിക്കാൻ ആകില്ല. തിരുവമ്പാടി ദേവസ്വത്തിലെ ചിലരാണ് പൂരം കലക്കലിൻ്റെ ഭാഗമായത്. ഈ വിഷയത്തിൽ സർക്കാരിൻ്റെ തീരുമാനമാണ് കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ മൂന്ന് റിപ്പോർട്ട് ഉണ്ടായി. തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ വിശ്വസിക്കുന്നില്ല. പൂരം അലങ്കോലപ്പെട്ടതിൻ്റെ ഫലം ആർക്കാണ് കിട്ടിയത് എന്ന് ആലോചിച്ചാൽ മനസിലാവുമെന്നും സുനിൽ കുമാർ പറഞ്ഞു.
















