ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നതാണല്ലോ ഇപ്പോൾ ട്രെൻഡ്. ഇപ്പോഴിതാ ഫേസ് സ്വാപ്പ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം വെയ്ക്കാന്‍ സാധിക്കുന്ന ഫീച്ചർ ആണ് ഫേസ് സ്വാപ്പ് ഫീച്ചർ.
ഫേസ് സ്വാപ്പിങ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് പകരം സുഹൃത്തുക്കളുടെയോ മറ്റ് അറിയുന്നവരുടേയോ മുഖം മാറ്റിച്ചേർക്കാൻ സാധിക്കും. എന്നാൽ ഇതിന് അതത് വ്യക്തികളുടെ മുൻകൂർ അനുമതി വേണം എന്നുള്ളിടത്താണ് ഇതിന്‍റെ സെക്യൂരിറ്റി വ്യക്തമാകുന്നത്. ഒരാളുടെ മുഖം ഉപയോഗിക്കണമെങ്കിൽ ഇൻസ്റ്റഗ്രാം വഴി അവർക്ക് റിക്വസ്റ്റ് അയക്കണം. അവർ അനുവാദം നൽകിയാൽ മാത്രമേ ഫോട്ടോകളിലോ വീഡിയോകളിലോ ആ വ്യക്തിയുടെ മുഖം ചേർത്ത് വെയ്ക്കാന്‍ സാധിക്കൂ. ദുരുപയോഗം തടയുന്നതിനാണ് ഇത്തരത്തിലൊരു സുരക്ഷാ ക്രമീകരണം.
മെറ്റ തങ്ങളുടെ ആപ്പുകളിൽ (വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം) സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കൊണ്ടുവരാനുള്ള ആലോചനയിലാണ്. അതിനാൽ പുതിയ ഫീച്ചർ സൗജന്യമായിരിക്കുമോ അതോ പണം നൽകി ഉപയോഗിക്കേണ്ടി വരുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. പ്രശസ്ത ടെക് ടിപ്‌സ്റ്ററായ അലസ്സാൻഡ്രോ പാലുസിലാണ് ഇൻസ്റ്റഗ്രാമിന്‍റെ പുതിയ നീക്കം പുറത്തുവിട്ടത്. മെറ്റ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആപ്പിന്‍റെ കോഡിങ്ങിൽ വന്ന മാറ്റങ്ങൾ അടിസ്ഥാനമാക്കിയാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
















