വിവാഹ സൽക്കാരത്തിനിടെ അതിഥിയെന്ന വ്യാജേന എത്തി സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. ജയ്പൂരിലെ ജഗത്‌പുരയിലുള്ള ചന്ദ്രൻ വൺ മാര്യേജ് ഗാർഡനിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. നവീൻ കരോൾ എന്ന യുവാവിന്റെ വിവാഹ ചടങ്ങുകൾക്കിടെയാണ് വധൂവരന്മാർ നിൽക്കുന്ന വേദിയിൽ കയറി മോഷ്ടാവ് കവർച്ച നടത്തിയത്.
നാല് ലക്ഷം രൂപയോളം മൂല്യം വരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് വിവാഹ വേദിയിൽ നിന്ന് നഷ്ടപ്പെട്ടത്. ആഘോഷങ്ങൾക്കിടയിൽ ബന്ധുക്കൾക്കൊപ്പമെന്നോണം വേദിയിൽ നിലയുറപ്പിച്ച മോഷ്ടാവ്, വധൂവരന്മാരുടെ തൊട്ടടുത്ത് ഇരുന്നിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. വീട്ടുകാരോ ബന്ധുക്കളോ ഇയാളെ ശ്രദ്ധിച്ചിരുന്നില്ല.
വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ചടങ്ങുകൾ ക്യാമറയിൽ പകർത്തുന്നതിനിടയിൽ അപരിചിതനായ ഒരാൾ വേദിയിൽ സംശയാസ്പദമായി നിൽക്കുന്നതും ബാഗുമായി പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ ദൃശ്യങ്ങൾ വീട്ടുകാർ പോലീസിന് കൈമാറി.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















