ഫരീദാബാദ്: ഫോൺ കോൾ ചെയ്യുന്നതിനുള്ള ഇളവ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് നിരാഹാര സമരവുമായി തടവുകാർ. നീംക ജയിലിലെ തടവു പുള്ളികൾ ആണ് നിരാഹാര സമരം കിടക്കുന്നത്. നാൽപ്പതോളം പേരാണ് ജയിൽ അധികൃതർക്കെതിരെ സമരം ചെയ്യുന്നത്.
ശനിയാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പിലാണ് പ്രശ്നം പരാമർശിച്ചരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിലേക്ക് ഫോൺ ചെയ്യാൻ തടവുകാർക്ക് അനുവാദം ഉണ്ടായിരുന്നത് രണ്ട് ദിവസമായി കുറച്ചെന്നും ഇത് ചോദ്യം ചെയ്തവരെ ജയിൽ അധികൃതർ മർദിച്ചുവെന്നുമാണ് കുറിപ്പിലെ ആരോപണം.
ഫോൺ കോൾ അനുവദിക്കാത്തതിൽ തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിലുണ്ട്. നീംക ജയിലിൽ രാമ ക്ഷേത്രത്തിന് ബോംബ് വെക്കാൻ ഗൂഡാലോചന നടത്തിയ കേസിൽ തടവിലായ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി.
















