അമ്മ കുടുംബസംഗമത്തിൽ അമ്പലക്കമ്മിറ്റിക്ക് കാര്യമെന്ത്? സ്പോൺസർഷിപ്പ് മറച്ചുവെച്ചതിൽ തർക്കം, പ്രസിഡന്റി എതിരെ എക്സിക്യൂട്ടീവ് അംഗങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ കുടുംബസംഗമം. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് സുരേഷ് ഗോപിയും മോഹൻലാലും ചേർന്നാണ്. കുടുംബസംഗമത്തോടനുബന്ധിച്ചുള്ള മറ്റ് പരിപാടിയിൽ പങ്കെടുക്കാനായി വെെകുന്നേരം മമ്മൂട്ടിയും മോഹൻലാലും എത്തിച്ചേർന്നിരുന്നു. അതേസമയം പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിൽതന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ദല്ലാൾ നന്ദകുമാർ നേതൃത്വം നൽകുന്ന വെണ്ണല ശിവക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദമുടലെടുത്തത്. ഇതിനത്തുടർന്ന് വോട്ടെടുപ്പ് വരെ നടന്നു.

സ്പോൺസർഷിപ്പിൽ ഒപ്പുവെച്ച കാര്യം പ്രസിഡന്റ് അവസാനംവരെ മറച്ചുവെച്ചിരുന്നു. അവസാനം ശിവക്ഷേത്രത്തിന്റെ ലോഗോ വന്നപ്പോൾ മാത്രമാണ് മറ്റംഗങ്ങൾ ഇതറിയുകയും, പിന്നീട് ആർച്ചിലുൾപ്പെടെ ലോഗോ വെക്കുകയും എൽഈഡി വാളിൽ ലോഗോ പ്രദർശിപ്പിക്കുകയും ചെയ്തു. എന്തിനാണ് അമ്പലകമ്മിറ്റി ഇത്തരമൊരു പരിപാടിയിൽ സ്പോൺസർഷിപ്പ് ചെയ്തതെന്നതിനെക്കുറിച്ച് ദുരൂഹത ഏറുകയാണ്. ഇന്നുവരെ അമ്പലം അമ്പലത്തിലേക്ക് പിരിവ് വാങ്ങുകയല്ലാതെ ഒരു പരിപാടിക്ക് സ്പോൺസർഷിപ്പ് നൽകുന്ന ഒരു സ്ഥിതി ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഇവിടെയാണ് അമ്പലക്കമ്മിറ്റി അമ്മ സംഘടനയ്ക്ക് വേണ്ടി സ്പോൺസർഷിപ്പ് നൽകുന്നത്. 80 ലക്ഷം രൂപയ്ക്കടുത്ത് നൽകിയെന്നാണ് പറയപ്പെടുന്നത്. അമ്പലക്കമ്മിറ്റി സ്പോൺസർഷിപ്പ് ഏറ്റെടുത്തതിൽ ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുന്നു. അമ്പലക്കമ്മിറ്റി വന്നാൽ ഡോണേഷനായി പണം സ്വീകരിക്കാമെന്നായിരുന്നു നിലപാട്. ഇതിനെച്ചൊല്ലി അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ട്. ജനറൽ സെക്രട്ട്രറി, അൻസിബ, ജോയ് മാത്യു ഉൾപ്പെടെ നിരവധിപ്പേർ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ടാണ് പ്രസിഡന്റ് ശ്വേത മേനോൻ ഇക്കാര്യത്തിൽ ഉറച്ചുനിന്നത്.

ഇടയ്ക്കുവച്ച് പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ കുടുംബസംഗമം നടക്കുമോ എന്ന അവസ്ഥ വരെയെത്തിയിരുന്നു. എന്നാൽ ആദ്യം മുതലെ ഇതിനുപിന്നിൽ ഉണ്ടായിരുന്ന ടിനി ടോം, കെെലാഷ്, സിജോയ് വർഗീസ് ഉൾപ്പെടുന്നവർ ഇതിൽനിന്നും പിന്മാറുകയും, പിന്നീട് കുടുംബസംഗമം നടക്കില്ലെന്നൊരു അവസ്ഥയിൽ എത്തിയപ്പോൾ വീണ്ടും ഒത്തുചേരുകയും ചെയ്തതോടെയാണ് പരിപാടി പുനരാരംഭിച്ചത്. ഈ പരിപാടിയുടെ ഷോ ഡയറക്ടറായ നാദിർഷയുൾപ്പെടെയുള്ളവർ എല്ലാം ഭംഗിയാക്കാനുള്ള രാപ്പകലുളള പ്രയത്നത്തിലായിരുന്നു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് വാങ്ങിയ മോഹൻലാലിനെയും, പത്മഭൂഷൺ നേടിയ മമ്മൂക്കയെയും ആദരിക്കുന്ന ചടങ്ങായിരുന്നും ഏറ്റവും കളർഫുള്ളാക്കണമെന്ന് തീരുമാനിച്ചത്. മമ്മൂട്ടിയുടെ ഇൻട്രോ പറയുന്നത് മോഹൻലാലും, മോഹൻലാലിന്റെ ഇൻട്രോ പറയുന്നത് മമ്മൂട്ടി എന്നരീതിയിലുമായിരുന്നു. ഒട്ടും മടികൂടാതെ അതവർ ഭംഗിയായി ചെയ്യുകയും ചെയ്തു. മലയാള സിനിമയ്ക്ക് അതൊരു അഭിമാന നേട്ടമാണ്. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവ് ടി ജി രവിയെ ഓണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു. പരിപാടിയിലേക്ക് മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും വന്നെത്തിയിരുന്നു. എന്നാൽ യുവതാരങ്ങളാരും പങ്കെടുത്തില്ല എന്നത് ഖേദകരമാണ്.

പരിപാടിയുടെ തലേദിവസംതന്നെ വലിയ പൊട്ടിത്തെറിയാണ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നതെന്നാണ് സൂചന. റോയൽ കാറ്ററിങ് ആയിരുന്നു ഭക്ഷണച്ചുമതലയേറ്റത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിന്നിരുന്നു. റോയലിന് കൊടുക്കരുതെന്ന് നിലപാടിലായിരുന്നു പ്രസിഡന്റും സെക്രട്ട്രറിയും. എന്നാൽ അത് മറികടന്നുകൊണ്ടാണ് കമ്മിറ്റിയിലെ പ്രധാന അംഗങ്ങൾ റോയൽ കാറ്ററിംഗിനുതന്നെ നൽകിയത്. ഇതിന് മുൻപ്, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിന്നിരുന്നു. അന്ന് നിലാ കാറ്ററിങ് ആയിരുന്നു ചുമതല. എക്കാലവും താരസംഘടനയായ അമ്മയുടെ പരിപാടികൾക്ക് ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നത് റോയൽ കാറ്ററിങ് തന്നെയായിരുന്നു. ഇത്തവണയും അവർതന്നെയെത്തുകയും ചെയ്തു. സാധാരണ റോയൽ കാറ്ററിങ് വരുമ്പോൾ അവർ പണം വാങ്ങാതെ വരുകയും, അതേസമയം പുറത്തുനിന്നും പരസ്യം പിടിച്ച് ഉള്ളിൽ സ്റ്റാളുകൾ നൽകുകയുമാണ് ചെയ്യാറുളളത്. അതേ രീതിതന്നെയായിരുന്നു ഇത്തവണയും. റോസ് ബ്രാൻഡിന്റെ ഒരു കട്ടഔട്ട് തലേദിവസം അവിടെ വെച്ചതിനെത്തുടർന്ന് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. ദുൽഖർ സൽമാനാണ് അതിന്റെ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. താരത്തിന്റെ കട്ട്ഐട്ട് വെച്ചതിനെച്ചൊല്ലി നീന കുറുപ്പ് ഉൾപ്പെടെയുള്ളവർ എതിർക്കുകയും, ഇന്നുവരെ ഒരു പരിപാടിക്കുപോലും വരാത്ത ആളുകളുടെ കട്ട്ഔട്ട് വെക്കാൻ പാടില്ലെന്ന് പറയുകയും ചെയ്തു. അത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചിരുന്നു. പിന്നീടത് മമ്മൂട്ടിയെ അറിയിക്കും എന്ന നിലയിലെത്തിയതോടെയാണ് പ്രശ്നങ്ങൾ ഒഴിവായതെന്നാണ് വിവരം. അതേസമയം മറ്റ് സ്പോൺസർഷിപ്പുകൾ മഹാലക്ഷ്മി, മെെജി, ഐഎഫ്എ ഫർണിച്ചർ എന്നിവരാണ്.

ഇത്തവണ അമ്മ കുടുംബസംഗത്തിന്റെ ഡിജിറ്റൽ റെെറ്റ്സ് ഒരുകോടി രൂപയ്ക്ക് എടുത്തത് ഇൻഡ്യ ഫെസ്റ്റ് എന്ന ഓടിടി പ്ലാറ്റ്ഫോമാണ്. അത് അമ്മയ്ക്ക് വലിയ മുതൽക്കൂട്ടായി എന്നതിൽ തർക്കമില്ല. എന്നാൽ ആ ഓടിടി കമ്പനിയുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട് പല വാർത്തകളാണ് പുറത്തുവരുന്ന സാഹചര്യത്തിൽ അതൊന്നും വകവെക്കാതെതന്നെയാണ് റെെറ്റ്സ് നൽകിയത്. ആ ഓടിടി പ്ലാറ്റ്ഫോമിന്റെ ലോഞ്ച് ആ സ്റ്റേജിൽ നടത്തണമെന്ന് തീരുമാനിക്കുകയും, അത്തരമൊരുകാര്യം പ്രസിഡന്റ് ശ്വേതാ മേനോൻ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ അത്തരമൊരു ലോഞ്ച് നടത്താൻ കഴിഞ്ഞില്ല. അത് മുൻകൂട്ടി അറിയിക്കാത്ത സാഹചര്യമാണ് ശ്വേതയിൽ നിന്നും ഉണ്ടായത്. പരിപാടിയിൽ അവരുടെ പേര് വെറുതെ പറഞ്ഞുപോകുക മാത്രമാണ് ചെയ്തത്.

സംഗമത്തിൽ ഫാഷൻ ഷോ, കുക്കറി ഷോ, സ്പോർട്സ്, ഡാൻസ് തുടങ്ങിയവയെല്ലാം അരങ്ങേറിയിരുന്നു. ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ സംഘടനയിലെ പ്രായംചെന്ന അമ്മമാരുടെയെല്ലാം തിരുവാതിര ഉണ്ടായിരുന്നു. അത് വലിയ ചർച്ചയാവുകയും ചെയ്തു. ഇതിന്റെ റിഹേഴ്സർ കണ്ട മെെജി ഷാജി അതിൽ ഉൾപ്പെട്ട അമ്മമാർക്ക് ഒരാൾക്ക് പതിനായിരം രൂപ വെച്ച് രണ്ടരലക്ഷം രൂപ അപ്പോൾത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് മോഹൻലാലും മമ്മൂക്കയും ഉള്ളപ്പോൾ രണ്ടരലക്ഷത്തിന്റെ ചെക്ക് കെെമാറുകയും ചെയ്തു. വളരെയധികം അഭിനന്ദമർഹിക്കുന്നൊരു കാര്യം തന്നെയാണ് മെെജി ചെയ്തതെന്ന കാര്യത്തിൽ തർക്കമില്ല.

വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസത്തോടെയാണ് പരിപാടി അവസാനിച്ചത്. കാരണം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സിജോയ് തോമസ്, ടിനി ടോം, കെെലാഷ് ഒപ്പം പ്രായം ചെന്നവരെക്കൊണ്ട് തിരുവാതിര കളിപ്പിച്ച് കോർഡിനേറ്റ് ചെയ്ത ലക്ഷ്മിപ്രിയ, നൃത്തപരിപാടികൾ കോർഡിനേറ്റ് ചെയ്ത സരയു, മോഹൻലാലിനെ അഭിനന്ദിക്കുന്ന പരിപാടിയിൽ ലാലേട്ടന്റെ കഥാപാത്രങ്ങളുടെ പേരുകൾ എഴുതിവെച്ച്, മമ്മൂട്ടി അഭിനന്ദിക്കുന്ന ചടങ്ങ് അവിടെ പ്രദർശിപ്പിച്ച ഡാവിഞ്ചിയെ അഭിനന്ദിക്കുകയോ, കുടുംബസംഗമം ഷോ ഡയറക്ട് ചെയ്ത നാഡിർഷയുടെ പേര് പരാമർശിക്കുകയോ ചെയ്യാത്തതാണ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കിയത്. എന്നാൽ ഫാഷൻ ഷോയ്ക്ക് നേതൃത്വം വഹിച്ച നീന കുറുപ്പിനെ മാത്രം വേദിയിലേക്ക് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും സെക്രട്ട്രറിയുടെയും മകളെന്ന നിലയിൽ നിൽക്കുന്നതുകൊണ്ടാണ് അത്തരമൊന്ന് ഉണ്ടായതെന്നും, പ്രസിഡന്റിനും സെക്രട്ട്രറിക്കും ഇഷ്ടപ്പെട്ട ആളുകളെ പേരെടുത്ത് അഭിനന്ദിക്കുകയും ചെയ്തുവെന്നാണ് അംഗങ്ങൾ പറയുന്നത്.
ഛായം തേച്ച് ലെെറ്റ് വന്നാൽ ഇവർ അഭിനയിക്കുകയായിരുന്നു എന്നാണ് ചില അംഗങ്ങൾ പറയുന്നത്. പ്രസിഡണ്ടും സെക്രട്ട്രറിയും അത്തരമൊരു അഭിനയമാണവിടെ നടത്തിയത്. എല്ലാത്തിനും ഒപ്പം നിന്നവരെ തള്ളിപ്പറയുന്നപോലൊരു അവസ്ഥയായിരുന്നു അത്. പല ആളുകൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന കാര്യത്തിൽ തർക്കമില്ല. എന്തായാലും ഭിന്ന അഭിപ്രായത്തിലാണ് കുടുംബസംഗമം അവസാനിച്ചത്. പല ഭാരവാഹികളും ഇനി ജനറൽബോഡിക്ക് കാണാം എന്നുമാത്രം പറഞ്ഞ് പിരിയുന്ന നിലയിലേക്ക് പോയി. കാരണം ചെയ്തുകൊടുത്ത സഹായത്തിന് നന്ദിവാക്കുപോലും പറയാത്ത സംഘടനത്തലപ്പത്തിരിക്കുന്നവർക്ക് എതിരെയുള്ള ഒരു അഭിപ്രായ വ്യത്യാസമായിത്തന്നെയാണതിനെ കാണുന്നത്. ഇതിനിടെ വാട്സാപ്പ് ഗ്രൂപ്പിൽ രാജിഭീഷണി ചില ആളുകൾ മുഴക്കിയെന്നാണ് പറയുന്നത്. കുടുംബസംഗമത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് കാരണമെന്നാണ് പറയപ്പെടുന്നത്.
















