നേമം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുദേവ പ്രതിമ തകർത്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പകലൂർ കല്ലിയൂർ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അഭിജിത്തിനെയാണ് (25) നേമം പോലീസ് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പള്ളിച്ചൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്.എൻ.ഡി.പി ശാഖയിലാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന പ്രതി ക്ഷേത്ര പരിസരത്ത് എത്തി പരസ്പരവിരുദ്ധമായി സംസാരിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ക്ഷേത്രത്തിന് പുറത്തെ കൊടിയുമായി പ്രതിമയ്ക്ക് സമീപമെത്തിയ ഇയാൾ, കയ്യിലുണ്ടായിരുന്ന തേങ്ങ ഉപയോഗിച്ച് പ്രതിമയുടെ തലഭാഗം അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചത്.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതി നേരത്തെ തന്നെ മാനസികമായ ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടുന്ന വ്യക്തിയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. എന്തിനാണ് പ്രതിമ തകർത്തതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
















