പിണറായി വിജയനെ പ്രകീർത്തിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരുടെ വാക്കുകളെ തള്ളിക്കൊണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു.
ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിഷൻ 2031’ എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു.
















