കൊല്ലം കണ്ണനല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ആദിച്ചനല്ലൂർ തെക്കേ മൈലക്കാട് കാടിയാതിത്തറവീട്ടിൽ വാടകക്ക് താമസിക്കുന്ന രഞ്ജിത്ത് എന്ന രഹിൻ കുമാറിനെയാണ് (36) കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി സ്ഥിരമായി സ്കൂളിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന സ്വകര്യ ബസ്സിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ പല സന്ദർഭങ്ങളിലും ലൈംഗിക ഉദ്ദേശ്യത്തോടെ ബസ്സിൽ വെച്ച് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തി. ഇതോടെ ഭയന്ന പെൺകുട്ടി മറ്റൊരു ബസ്സിൽ യാത്ര ചെയ്യാൻ ആരംഭിച്ചു.
എന്നാൽ ഇയാൾ ആ ബസ്സിലും കയറുകയും പെൺകുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തു. ഇത് തുടർന്നതോടെ പെൺകുട്ടി മാതാപിതാക്കളോട് പറയുകയും അവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് രേഖപ്പെടുത്തി.
















