കോഴിക്കോട് താമരശ്ശേരിയിൽ വിനോദയാത്രസംഘത്തിന്റെ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി സ്ത്രീകളടക്കമുള്ളവർക്ക് നേരേ ആക്രമണം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 മണിയോടെ താമരശ്ശേരി അടിവാരത്തിന് സമീപത്തു വെച്ചായിരുന്നു സംഭവം. ചേളന്നൂരിൽനിന്നുള്ള 42 സംഘം വയനാട്ടിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് തിരികെ താമരശ്ശേരി ചുരം വഴി വരുകയായിരുന്നു. ഈ സമയത്തു ഇവരുടെ വാഹനം ഒരു ഗുഡ്‌സ് വാഹനവുമായി ഉരസി. എന്നാൽ ഇത് ഇരു വണ്ടിക്കാരും പറഞ്ഞു തീർക്കുകയും ചെയ്തു.
എന്നാൽ ഈ സമയം കാറിലെത്തിയ ചില യുവാക്കൾ പ്രശ്‌നത്തിൽ ഇടപെടുകയും പ്രശ്നം വഷളാകുകയുമായിരുന്നു. കാർ യാത്രക്കാരും ബസ് ഡ്രൈവറും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് യുവാക്കൾ ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചുരം ഇറങ്ങിയിട്ട് കാണിച്ചു തരാമെന്ന് പറയുകയും ചെയ്തു.
പിന്നാലെ ചുരം ഇറങ്ങി താഴെ എത്തിയപ്പോൾ യുവാക്കൾ അവിടെ എത്തുകയും ബസ്സിൽ അതിക്രമിച്ചു കയറി യാത്രക്കാരെ ഉപദ്രവിക്കുകയും ഒരു സ്ത്രീയുടെ മൊബൈൽഫോൺ പിടിച്ചുപറിക്കുകയും രണ്ടുയാത്രക്കാരുടെ ഉടുമുണ്ടഴിച്ചെടുക്കുകയും ചെയ്തു. സംഭവം നടന്നു ഉടൻ തന്നെ ഇവർ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
















