കേരള സർക്കാറിനെ പ്രശംസിച്ചും കോൺഗ്രസ് നേതാക്കളെ വിമർശിച്ചും വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. കേരളത്തിൽ കോൺഗ്രസ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പക്ഷേ അത് സാധ്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസിലെ നേതാക്കളെല്ലാവരും പല വഴിക്കാണെന്നും കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നതിനേക്കാളേറെ പരസ്പരം വെറുക്കുന്നവരാണ് കോൺഗ്രസിലുള്ളതെന്നും മണി ശങ്കർ അയ്യർ വിമർശിച്ചു. പവൻ ഖേരയെയല്ലാതെ മറ്റൊരാളെ വക്താവായി കണ്ടെത്താൻ കോൺഗ്രസിന് സാധിച്ചില്ലെങ്കിൽ പാർട്ടി കൂടുതൽ കുഴപ്പത്തിലാകും. ഞാൻ ഒരു ഗാന്ധിയനാണ്. ഞാൻ സത്യമാണ് പറയുന്നത്. അതിൽ എന്ത് പ്രത്യാഘാതങ്ങളുണ്ടായാലും ഞാൻ നോക്കിക്കോളാം” – അദ്ദേഹം പറഞ്ഞു.
കൂടാതെ പിണറായി വിജയനെ ഓർത്തു അഭിമാനിക്കുനെന്നും കമ്മ്യൂണിസ്റ്റുകാർ എല്ലാവരും ഒന്നിച്ചാണെന്നും അച്ചടക്കമുള്ള പാർട്ടി ആണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന മണി ശങ്കർ അയ്യറുടെ കഴിഞ്ഞ ദിവസത്തെ പരാമർശം ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് രംഗത്തെത്തിയത്.
















