നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ ഇന്ന് യു.ഡി.എഫ് നേതൃത്വത്തിലുള്ള ചടങ്ങിൽ പങ്കെടുക്കും. കോട്ടയത്ത് കെ.പി.സി.സി സംസ്കാര സാഹിതിയുടെ പരിപാടിയിൽ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തുന്നത്. ഇടത് സർക്കാരുമായി തെറ്റിപ്പിരിഞ്ഞ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ നീക്കം.
വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രേംകുമാറിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തിറക്കിയിരുന്നു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന ആരോപണവുമായി പ്രേംകുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങുകയായിരുന്നു.
















